ad
Deshabhimani

യന്ത്രം പണിമുടക്കി ; പലയിടത്തും വോട്ടെടുപ്പ്‌ വൈകി

voting

വെങ്ങോല പഞ്ചായത്ത് കണ്ടന്തറ ഗവ. യുപി സ്കൂളിലെ പോളിങ് ബൂത്തിൽ വോട്ടുചെയ്യാനായി കാത്തിരിക്കുന്നവർ

വെബ് ഡെസ്ക്

Published on Dec 10, 2025, 03:47 AM | 2 min read


കൊച്ചി

ജില്ലയിൽ ചിലയിടത്ത്‌ വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കിയതിനാൽ വോട്ടെടുപ്പ്‌ വൈകി.

ചൊവ്വ രാവിലെ കുന്നത്തുനാട് പഞ്ചായത്ത് പിണർമുണ്ട എൽപി സ്കൂളിൽ വോട്ടിങ് യന്ത്രം തകരാറിലായതിനാൽ രണ്ടു മണിക്കൂറോളം വോട്ടെടുപ്പ്‌ വൈകി. ആമ്പല്ലൂർ 13–ാംവാർഡിലെ ബൂത്തിൽ വോട്ടിങ് യന്ത്രം തകരാറിലായതിനാൽ ഒരു മണിക്കൂറോളം വോട്ടെടുപ്പ്‌ വൈകി. പുതിയ യന്ത്രം എത്തിച്ചാണ്‌ വോട്ടിങ് പുനരാരംഭിച്ചത്‌.


ആലുവ ചൂർണിക്കര 19–ാംവാർഡിൽ മരിയാപുരം പള്ളിയിലെ രണ്ട് യന്ത്രവും തകരാറിലായി. പ്രശ്‌നം പരിഹരിച്ച്‌ 45 മിനിറ്റിനകം വോട്ടെടുപ്പ്‌ ആരംഭിച്ചു. കീഴ്മാട് പഞ്ചായത്ത് 10–-ാംവാർഡ് കാർമൽ ബൂത്തിൽ വോട്ടിങ് യന്ത്രം രണ്ടുവട്ടം തകരാറിലായി.


രണ്ടു മണിക്കൂറോളം തടസ്സപ്പെട്ട വോട്ടെടുപ്പ് മൂന്നാംതവണയെത്തിച്ച യന്ത്രത്തിലാണ്‌ പുനരാരംഭിച്ചത്‌. പാലച്ചുവട് വ്യാസവിദ്യാലയത്തിലെ ബൂത്തിൽ വോട്ടിങ് യന്ത്രം ആദ്യ അരമണിക്കൂർ പണിമുടക്കി. ഉദ്യോഗസ്ഥരെത്തി തകരാർ പരിഹരിച്ച്‌ രാവിലെ 7.30ന്‌ വോട്ടെടുപ്പ്‌ പുനരാരംഭിച്ചു.


മുളന്തുരുത്തി പഞ്ചായത്തിൽ ഒമ്പതാംവാർഡ്‌ ഒന്നാംനമ്പർ ബൂത്തിൽ യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ്‌ തുടങ്ങാൻ രണ്ടു മണിക്കൂർ വൈകി. ചെങ്ങമനാട് പഞ്ചായത്ത് 16–-ാംവാർഡ് ദേശം ജെബി സ്കൂൾ ബൂത്തിൽ വോട്ടിങ് യന്ത്രത്തകരാർമൂലം 50 മിനിറ്റ് വോട്ടെടുപ്പ്‌ തടസ്സപ്പെട്ടു. മരട് നഗരസഭ ഡിവിഷൻ 23 വളന്തകാട് ബൂത്തിൽ യന്ത്രത്തകരാർമൂലം വോട്ടെടുപ്പ്‌ 6.50 വരെ നീണ്ടു.


ചേന്ദമംഗലം വാർഡ് അഞ്ചിലെ ഗോതുരുത്ത് സെന്റ്‌ സെബാസ്റ്റ്യൻസ് എച്ച്‌എസ്‌എസിൽ

രണ്ട് മണിക്കൂറോളം വോട്ടിങ് മുടങ്ങി. ചേന്ദമംഗലം ഗവ. എൽപി സ്‌കൂളിലെ ഒരു ബൂത്തിലും രാവിലെ ഒന്നേകാൽ മണിക്കുറോളം വോട്ടെടുപ്പ്‌ തുടങ്ങാൻ വൈകി.

മൂക്കന്ന‍ൂർ പഞ്ചായത്ത്‌ 14ാം വാർഡിൽ 40 മിനിറ്റ്‌ വൈകി.


മൂവാറ്റുപുഴ നഗരസഭ ഒന്നാം വാർഡിലെ പുളിഞ്ചോട്‌ അങ്കണവാടി ബൂത്ത്‌ മൂന്നാം വാർഡിലെ ഇലാഹിയ സ്‌കൂൾ ബൂത്ത്‌, മാറാടി പഞ്ചായത്ത്‌ 14ാം വാർഡ്‌ വിരിപ്പുകണ്ടം ബൂത്ത്‌, പായിപ്ര പഞ്ചായത്ത്‌ അഞ്ചാം വാർഡ്‌ ഒഴുപാറ രണ്ടാം ബൂത്ത്‌, ആയവന പഞ്ചായത്ത്‌ 14ാം വാർഡ്‌ കാരിമറ്റം ഗവ. എൽപി സ്‌കൂൾ, കല്ലൂർക്കാട്‌ പഞ്ചായത്ത്‌ 11ാം വാർഡ്‌ സെന്റ്‌ അഗസ്‌റ്റിൻസ്‌ എച്ച്‌എസ്‌എസ്‌ എന്നിവിടങ്ങളിൽ യന്ത്രം തകരാറിലായി വോട്ടിങ്‌ വൈകി.


മുടക്കുഴ ഒന്നാംവാർഡിലെ 65–-ാംനമ്പർ ബൂത്ത്‌, കീഴില്ലം സെന്റ്‌ തോമസ് എച്ച്‌എസിലെ ഒന്നാംനമ്പർ ബൂത്ത്‌, വാഴക്കുളം ഒന്നാംനമ്പർ ബൂത്ത്‌, കോട്ടുവള്ളി പഞ്ചായത്ത് തത്തപ്പിള്ളി മദ്രസ ഒന്നാംനമ്പർ ബൂത്ത്‌ എന്നിവിടങ്ങളിൽ ഒരു മണിക്കൂറോളം യന്ത്രം തകരാറിലായി. യന്ത്രത്തകരാർ ഉടൻ പരിഹരിച്ചും യന്ത്രങ്ങൾ മാറ്റിസ്ഥാപിച്ചും അതിവേഗം തടസ്സങ്ങൾ നീക്കിയതിനാലും മറ്റുബുദ്ധിമുട്ടുകൾ ഇല്ലാതെ വോട്ടെടുപ്പ്‌ പൂർത്തിയാക്കാനായി. സമയവും നീട്ടിനൽകിയിരുന്നു.


പെരുമ്പാവൂരിൽ 6 ബൂത്തിൽ 
യന്ത്രത്തകരാർ

പെരുമ്പാവൂർ മേഖലയിൽ പല ബൂത്തുകളിലും വോട്ടിങ്‌യന്ത്രം തകരാറിലായി. കൂവപ്പടി പഞ്ചായത്ത് 16–-ാംവാർഡ്‌ ഐമുറി ഗവ. യുപി സ്‌കൂൾ ബൂത്തിൽ വോട്ടിങ്ങിനിടെ അരമണിക്കൂറോളം യന്ത്രം പണിമുടക്കി. ഒക്കൽ പഞ്ചായത്ത് 14–-ാംവാർഡിൽ വല്ലം ചുണ്ടി മദ്രസയിലെ ബൂത്തിൽ രണ്ടുപ്രാവശ്യമാണ്‌ യന്ത്രം നിലച്ചത്‌. മുടക്കുഴ ഒന്നാംവാർഡിലെ 65–-ാംനമ്പർ ബൂത്തിലും, കീഴില്ലം സെന്റ്‌ തോമസ് ഹൈസ്‌കൂൾ ഒന്നാംനമ്പർ ബൂത്തിലും വാഴക്കുളം ഒന്നാം നമ്പർ ബൂത്തിലും യന്ത്രം തകരാറിലായി. വേങ്ങൂർ 11–-ാംവാർഡ് അങ്കണവാടി ബൂത്തിൽ കേടായ യന്ത്രം ഒരു മണിക്കൂർ കഴിഞ്ഞാണ് പുനഃസ്ഥാപിച്ചത്.


പോളിങ് ബൂത്തുകളിൽ ഉച്ചയോടെ തിരക്ക് അനുഭവപ്പെട്ടു. നഗരസഭ 23–-ാംവാർഡ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ബൂത്തിൽ പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. നഗരസഭ 21–-ാംവാർഡിൽ കിടപ്പുരോഗി ആംബുലൻസിലെത്തി വോട്ട്‌ ചെയ്‌തു. കെഎസ്ആർടിസി സ്റ്റാൻഡിനുസമീപം തങ്കമ്മ മന്ദിരത്തിൽ ടി കെ വേണുഗോപാലാണ് (68) വിമല സ്‌കൂൾ ബൂത്തിൽ ആംബുലൻസിലെത്തി വോട്ട്‌ ചെയ്‌തത്. സിപിഐ ടൗൺ ബ്രാഞ്ച് കമ്മിറ്റി അംഗമായ വേണുഗോപാൽ ജില്ലാ കമ്മിറ്റി അംഗം കെ പി റെജിമോൻ മത്സരിക്കുന്ന വാർഡിലെ വോട്ടറാണ്.


വെങ്ങോല പഞ്ചായത്ത് ഒമ്പതാം വാർഡ്‌ കണ്ടന്തറ ഗവ. യു പി സ്‌കൂളിലെ പോളിങ് ബൂത്തിൽ രാത്രി ഏഴുവരെ പോളിങ് നീണ്ടു. വൈകിട്ട് ആറ്‌ മണിക്ക്‌ 150 പേർ ക്യൂവിലുണ്ടായിരുന്നു.


പിണ്ടിമനയിലും നെല്ലിക്കുഴിയിലും യന്ത്രം 
തകരാറിലായി

പിണ്ടിമന പഞ്ചായത്തിലെ നാലാംവാര്‍ഡില്‍ ചേലാട് ഗവ. യുപി സ്കൂളിലെ ബൂത്തില്‍ പോളിങ്‌ ആരംഭിച്ചതിന് പിന്നാലെ യന്ത്രം തകരാറിലായി. സാങ്കേതികവിദഗ്‌ധരെത്തി പരിഹരിച്ചു. മുക്കാല്‍മണിക്കൂറോളം വോട്ടെടുപ്പ് വൈകി. നെല്ലിക്കുഴി പഞ്ചായത്തിലെ മൂന്ന് ബൂത്തുകളില്‍ യന്ത്രം തകരാറിലായി. വിദഗ്‌ധരെത്തി തകരാര്‍ പരിഹരിച്ചശേഷം വോട്ടെടുപ്പ് പുനരാരംഭിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home