രാജഗിരിയിൽ പരിസ്ഥിതിദിനം ആഘോഷിച്ച് വിദേശികൾ

ആലുവ രാജഗിരി ആശുപത്രിയിലെ കൃഷിത്തോട്ടത്തിൽ റംബൂട്ടാൻ തൈ നടുന്ന ന്യൂസിലൻഡ് സ്വദേശി പീറ്റർ ചാൾസും ഭാര്യ പമേല ജോണും
ആലുവ
ആലുവ രാജഗിരി ആശുപത്രിയിൽ ലോകപരിസ്ഥിതിദിനം ആഘോഷിക്കാൻ വിദേശികളും. ചികിത്സയ്ക്കായി എത്തിയ ഒമാൻ, ന്യൂസിലൻഡ്, ജർമനി, ശ്രീലങ്ക, മാലദ്വീപ് ഉൾപ്പെടെ 12-ഓളം രാജ്യങ്ങളിൽനിന്നുള്ള വിദേശികളാണ് ആശുപത്രി കൃഷിത്തോട്ടത്തിൽ വൃക്ഷത്തൈകൾ നട്ടും കാർഷികവിളകൾ നേരിട്ട് പരിചയപ്പെട്ടും പരിസ്ഥിതിദിനം ആഘോഷമാക്കിയത്.
കേരളത്തിന്റെ തനത് പാളത്തൊപ്പി ധരിച്ചെത്തിയ അവർ കപ്പയും ചമ്മന്തിയും ആദ്യമായി രുചിച്ച് സ്വാദ് ആസ്വദിച്ചു. ആശുപത്രിയോടുചേർന്നുള്ള കൃഷിത്തോട്ടത്തിൽനിന്ന് റംബൂട്ടാനും ചാമ്പക്കയും വിളവെടുത്ത് ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു.
രോഗമുക്തിക്ക് ചികിത്സയ്‌ക്കൊപ്പം പച്ചപ്പുള്ള ശാന്തമായ അന്തരീക്ഷവും പ്രധാനമാണെന്ന് പറഞ്ഞ ന്യൂസിലൻഡ് സ്വദേശി പീറ്റർ ചാൾസും ഭാര്യ പമേല ജോണും ആശുപത്രി വളപ്പിൽ റംബൂട്ടാൻ തൈകളും നട്ടു. രാജഗിരി ആശുപത്രി അഡ്മിനിസ്ട്രേഷൻസ് ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ, എടത്തല പഞ്ചായത്ത് കൃഷി ഓഫീസർ ആശ രാജ്, മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം, നഴ്സിങ് ഡയറക്ടർ ലിമ മാത്യൂസ്, ഡോ. ജേക്കബ് വർഗീസ് എന്നിവർ സംസാരിച്ചു.










0 comments