വർണാഭമായി സ്‌കൂൾ പ്രവേശനോത്സവം
മുഴങ്ങി ഫസ്റ്റ്‌ബെൽ

അറിവിൻചിരി... പുതിയ ക്ലാസ്, പുതിയ കൂട്ടുകാർ, പുതിയ സ്വപ്-നങ്ങൾ ... മധ്യവേനലവധികഴിഞ്ഞ് സ്കൂളിലെത്തിയ കുട്ടികളിൽ ചിലർ ആദ്യദിനം കൂട്ടുകാർക്കൊപ്പം ആഘോഷമാക്കിയപ്പോൾ മറ്റുചിലർ ചെറിയ ആശങ്കയോടെ പുതിയ കൂട്ടുകാരെ കാത്തിരിക്കുന്നു. എളമക്കര ഗവ. സ്കൂളിൽനിന്നുള്ള ദൃശ്യം ഫോട്ടോ / സുനോജ് നെെനാൻ മാത്യു

സ്വന്തം ലേഖകൻ
Published on Jun 02, 2026, 02:43 AM | 2 min read
കൊച്ചി
പുത്തനുടുപ്പും പുതിയ പ്രതീക്ഷകളുമായി അച്ഛനമ്മമാരുടെ കൈകളിൽ തൂങ്ങി അക്ഷരമുറ്റത്തേക്ക് കുരുന്നുകളുടെ പുതിയ തുടക്കം. തോരാമഴയ്‌ക്കൊപ്പം കരച്ചിലും പരിഭവങ്ങളുമായി തുടങ്ങിയിരുന്ന പഴയ പ്രവേശനക്കാഴ്‌ചകൾ മാഞ്ഞു. കളിചിരിയും കൂട്ടുകാരുമൊത്ത് സെൽഫിയെടുക്കലുമൊക്കെയാണ് ജനറേഷൻ ആൽഫയുടെ പ്രവേശനോത്സവ ‘വൈബ്‌സ്’. കടലാസുകിരീടവും തൊപ്പികളുമണിഞ്ഞ് ചുവടുവച്ചും കുസൃതികളൊപ്പിച്ചും അമ്മയുടെ ഫോണിൽ പുതിയ കൂട്ടുകാരുമായി ചിത്രങ്ങളെടുത്തും അവർ സ്‌കൂൾപ്രവേശം ആഘോഷമാക്കി.
പുതുമണം നിറഞ്ഞ ബുക്കുകളും പേനയും പെൻസിലും വർണക്കുടയുമെല്ലാം ബാഗിലാക്കിയാണ് കുട്ടികൾ ആഹ്ലാദത്തോടെ വിദ്യാലയമുറ്റത്തെത്തിയത്. മധുരംനൽകിയാണ് അധ്യാപകരും പിടിഎയും കുരുന്നുകളെ വരവേറ്റത്. തോരണങ്ങളും ബലൂണുകളുംകൊണ്ട് അലംകൃതമായ സ്‌കൂളുകളിൽ താലപ്പൊലികളും കലാരൂപങ്ങളും നിരന്നപ്പോൾ ആകെ ഉത്സവഛായ. പ്രവേശനോത്സവങ്ങൾ ചെലവ് ചുരുക്കി നടത്തണമെന്ന് സർക്കാർ നിർദേശമുണ്ടായിരുന്നെങ്കിലും ഉള്ളതുകൊണ്ട് ‘ഓണം’ പോലാക്കണമെന്നായിരുന്നു അധ്യാപകരുടെ നിലപാട്.
അക്ഷരമുറ്റത്തേക്കുള്ള കുരുന്നുകളുടെ ആദ്യചുവടിനെക്കാൾ വലിയ ആഘോഷം മറ്റൊന്നില്ലെന്നായിരുന്നു മാതാപിതാക്കളുടെയും മനസ്സ്. പ്രവേശനോത്സവങ്ങളുടെ ജനകീയ സ്വഭാവം ഇല്ലാതാക്കാനുള്ള പുതിയ സർക്കാരിന്റെ നീക്കത്തോട് നാടൊന്നാകെ ‘നോ’ പറഞ്ഞപ്പോൾ, മുൻ വർഷങ്ങളിലേതുപോലെ ഒന്നാംദിനം വർണാഭമായി.
‘പാഠം1: പുതുയുഗ വിദ്യാലയം' എന്ന ആശയത്തിലൂന്നിയായിരുന്നു ഈവർഷത്തെ അധ്യായനാരംഭം. ജില്ലാ സ്‌കൂൾ പ്രവേശനോത്സവം പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്‌തു. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് അംഗം മാത്യൂസ് വർക്കി പഠനോപകരണങ്ങൾ വിതരണം ചെയ്തു.
പ്രവേശനോത്സവ സപ്ലിമെന്റും ജില്ലാ ശുചിത്വമിഷൻ പുറത്തിറക്കിയ ശുചിത്വ സന്ദേശങ്ങളടങ്ങിയ നെയിംസ്ലിപ്പുകളും മന്ത്രി പ്രകാശിപ്പിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെജി ഷാനവാസ്, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് അസീസ്, ജില്ലാ വിദ്യഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, പ്രിൻസിപ്പൽ ടി ബി സന്തോഷ്, പ്രഥമാധ്യാപിക എ സഫീന, പിടിഎ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം, കെ പി ജോയി, ജൂബി എ മുഹമ്മദ് ബഷീർ, സ്‌മിത ദിലീപ്, സുലേഖ മക്കാർ, കെ എൻ നാസർ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
ബഡ്സ് ജില്ലാ പ്രവേശനോത്സവം
കൊച്ചി
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്ഥാപനങ്ങളുടെ ജില്ലാ പ്രവേശനോത്സവം വർണാഭമായി. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെയും യുവജനങ്ങളുടെയും വിദ്യാഭ്യാസ–സാമൂഹിക ഉൾച്ചേരൽ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നതിന്റെ ഭാഗമായാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്.
ഏലൂർ ബഡ്സ് സ്പെഷ്യൽ സ്‌കൂൾ ഫോർ മെന്റലി ചലഞ്ച്‌ഡിൽ മന്ത്രി വി ഇ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്‌തു. ഏലൂർ നഗരസഭ ചെയർപേഴ്‌സൺ ലൈജി സജീവൻ അധ്യക്ഷയായി. വൈസ് ചെയർപേഴ്‌സൺ ലീല ബാബു, സ്ഥിരംസമിതി അധ്യക്ഷരായ സബീന നിഷാദ്, മഞ്ജു എം മേനോൻ, ആരതി ഷെബിൻ, ഷൈജ ബെന്നി, നഗരസഭ സെക്രട്ടറി ഗോപിക ഉദയൻ, ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ ടി എം റെജീന, ബഡ്സ് സ്പെഷ്യൽ സ്‌കൂൾ ഫോർ മെന്റലി ചലഞ്ച്ഡ് പ്രിൻസിപ്പൽ ബേബി ബേബി ജോൺ, ഏലൂർ സിഡിഎസ് ചെയർപേഴ്‌സൺ സുനശ റിഞ്ചു തുടങ്ങിയവർ സംസാരിച്ചു.










0 comments