തെരഞ്ഞെടുപ്പ് ഗാനങ്ങൾ തയ്യാർ; 14 മണ്ഡലങ്ങളിലും കലാപര്യടനം

പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ എൽഡിഎഫ് തെരഞ്ഞെടുപ്പ് ഗാനങ്ങൾ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്-മണിക്ക് നൽകി പ്രകാശിപ്പിക്കുന്നു
കൊച്ചി
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എറണാകുളം പുരോഗമന കലാസാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ തെരഞ്ഞെടുപ്പ് ഗാനങ്ങൾ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണിക്ക് നൽകി പ്രകാശിപ്പിച്ചു.
പ്രഭാവർമ്മ, ശ്രീനി ശ്രീകാലം, ബാബുരാജ് വൈറ്റില, രവിത ഹരിദാസ്, ഷിജു അഞ്ചുമന തുടങ്ങിയവർ രചിച്ച ഗാനങ്ങൾക്ക് അജിത് സുകുമാരനാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. സിത്താര കൃഷ്ണകുമാർ, മധു ബാലകൃഷ്ണൻ, സുദീപ് കുമാർ, അഫ്സൽ, പ്രദീപ് പള്ളുരുത്തി, ശോഭാ ശിവാനി, ബിമൽപങ്കജ്, ശ്രേയ എസ് അജിത്, സാലിമോൻ കുമ്പളങ്ങി എന്നിവരാണ് ആലപിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ കലാകാരന്മാരുടെ വിപുലമായ ക്യാമ്പ് സംഘടിപ്പിച്ച് നാടകം, ചവിട്ടുനാടകം, ഓട്ടംതുള്ളൽ, കഥാപ്രസംഗം തുടങ്ങി വിവിധ കലാപരിപാടികളാണ് തയ്യാറാക്കിയിട്ടുള്ളത്.
ജില്ലയിലെ 14 അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തും. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി സഹീർ അലി, അജിത് സുകുമാരൻ, ശ്രീനി ശ്രീകാലം, ബാബുരാജ് വൈറ്റില, രവിത ഹരിദാസ്, ഷിജു അഞ്ചുമന, ശോഭ ശിവാനി, സാലിമോൻ കുമ്പളങ്ങി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.










0 comments