Deshabhimani

സിപിഐ എം വിപുലീകൃത ജില്ലാകമ്മിറ്റി യോഗം

ഗ്യാനേഷ്‌ കുമാറിനെതിരായ പ്രക്ഷോഭത്തിൽ അണിനിരക്കുക

Election

തൃപ്പൂണിത്തുറയിൽ സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് തുടക്കംകുറിച്ച് സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Oct 01, 2026, 01:10 AM | 1 min read

കൊച്ചി

മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക എന്ന ആവശ്യമുയർത്തി ഇടതുപക്ഷ പാർടികൾ ആഹ്വാനംചെയ്‌ത പ്രക്ഷോഭസമരങ്ങളിൽ അണിനിരക്കണമെന്ന്‌ സിപിഐ എം വിപുലീകൃത ജില്ലാകമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എസ്ഐആർ നടപടി അടിയന്തരമായി നിർത്തിവയ്‌ക്കുക, അന്യായമായി വോട്ടർപ്പട്ടികയിൽനിന്ന് നീക്കംചെയ്ത അർഹരായ എല്ലാ വോട്ടർമാരെയും വീണ്ടും ഉൾപ്പെടുത്തുക, തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിക്കാൻ കേന്ദ്ര ബിജെപി സർക്കാർ കൊണ്ടുവന്ന നിയമം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾകൂടി ഉന്നയിച്ചാണ്‌ പ്രക്ഷോഭമെന്നും യോഗം പ്രമേയത്തിൽ പറഞ്ഞു.


പ്രതിപക്ഷ പാർടികളും വിവിധ പ്രസ്ഥാനങ്ങളും എസ്ഐആർ നടപടികളെക്കുറിച്ച് ഉന്നയിച്ച ആശങ്കകൾക്കൊപ്പം കമീഷനുള്ളിൽനിന്ന്‌ പുറത്തുവന്ന വെളിപ്പെടുത്തലുകളും ഗൗരവമായി പരിശോധിക്കണം. കേന്ദ്ര ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായി കമീഷൻ പ്രവർത്തിക്കുന്നുവെന്ന വിമർശവുമുയർന്നിട്ടുണ്ട്‌. കമീഷനുള്ളിൽനിന്നു പുറത്തുവന്ന വിയോജിപ്പുകളും വെളിപ്പെടുത്തലുകളും മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ബിജെപി ഏജന്റായി മാറിയെന്ന്‌ വ്യക്തമാക്കുന്നു. മുഖ്യതെരഞ്ഞെടുപ്പ് കമീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഇലക്ഷൻ കമീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനുനേരെ ഡൽഹി പൊലീസ് ക്രൂരബലപ്രയോഗം നടത്തി.


സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, ബി വി രാഘവലു, ആർ അരുൺകുമാർ, വി ശിവദാസൻ, എ എ റഹിം അടക്കമുള്ളവരെ അതിക്രമത്തിന് വിധേയരാക്കി. ഭരണകൂടസ്ഥാപനങ്ങളെ ഉപയോഗിച്ച് പ്രതിഷേധശബ്ദങ്ങളെ ചോരയിൽ മുക്കിക്കൊല്ലാൻ കേന്ദ്ര ബിജെപി സർക്കാർ ശ്രമിക്കുന്നു. പൊലീസ്‌ അതിക്രമത്തിൽ ശക്തമായി അപലപിക്കുന്നു–പ്രമേയം പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home