കുതിപ്പ് തുടരാൻ കുന്നത്തുനാട്


ശ്രീരാജ് ഓണക്കൂർ [email protected]
Published on Mar 11, 2026, 12:13 AM | 2 min read
കൊച്ചി
കൃഷിക്കും വ്യവസായത്തിനും ഒരുപോലെ വേരോട്ടമുള്ള മണ്ണാണ് കുന്നത്തുനാട്. പൊതുമേഖലാ സ്ഥാപനമായ ബിപിസിഎൽ മുതൽ കാർഷികമേഖലയുടെ അടിത്തറ ഊട്ടിയുറപ്പിക്കുന്ന ജനവിഭാഗങ്ങളുടെ നാട്. കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ, പൂതൃക്ക, തിരുവാണിയൂർ, വടവുകോട്-–പുത്തൻകുരിശ്, വാഴക്കുളം എന്നീ പഞ്ചായത്തുകൾ അടങ്ങുന്നതാണ് നിയമസഭാമണ്ഡലം. കെൽ, റബർപാർക്ക്, കിൻഫ്ര ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളും ഇവിടെയുണ്ട്. 1965ൽ രൂപീകൃതമായ മണ്ഡലം എൽഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി തുണച്ചിട്ടുണ്ട്.
കിറ്റെക്സ് കമ്പനി ഉടമയുടെ ട്വന്റി 20 ഭരണം 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം തൂത്തെറിഞ്ഞു. നാല് പഞ്ചായത്തുകളിൽ രണ്ടെണ്ണവും രണ്ട് ജില്ലാപഞ്ചായത്ത് ഡിവിഷനുകളും ബ്ലോക്ക് പഞ്ചായത്തുമാണ് ട്വന്റി 20യെ കൈവിട്ടത്. കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ പഞ്ചായത്തുകളിൽ കിഴക്കമ്പലവും ഐക്കരനാടും മാത്രമാണ് നിലനിർത്താനായത്. കോലഞ്ചേരി, വെങ്ങോല ജില്ലാപഞ്ചായത്ത് ഡിവിഷനുകളും വടവുകോട് ബ്ലോക്ക് പഞ്ചായത്തും നഷ്ടമായി. ഇത്തവണ ട്വന്റി20 എൻഡിഎയുടെ ഭാഗമായാണ് മത്സരിക്കുന്നത്.
സംവരണമണ്ഡലമായിരുന്ന കുന്നത്തുനാട്ടിൽ 1965ൽ കോൺഗ്രസിലെ കെ കെ മാധവനാണ് ആദ്യമായി വിജയിച്ചത്. സിപിഐ എമ്മിലെ എം കെ കൃഷ്ണൻ ജയിലിൽ കിടന്നാണ് മത്സരിച്ചത്. അടുത്ത തെരഞ്ഞെടുപ്പിൽ വിജയിച്ച എം കെ കൃഷ്ണൻ വനംമന്ത്രിയുമായി. 1970ൽ ടി എ പരമനിലൂടെ കോൺഗ്രസ് വിജയിച്ചു. 1977ൽ ജനറൽ സീറ്റായപ്പോൾ സിപിഐ എമ്മിലെ പി പി എസ്തോസ് വിജയക്കൊടി നാട്ടി. അടുത്ത തെരഞ്ഞെടുപ്പിലും എസ്തോസ് വിജയം ആവർത്തിച്ചു. പി പി തങ്കച്ചനെയാണ് അദ്ദേഹം തോൽപ്പിച്ചത്. തുടർന്ന് മൂന്നുവട്ടം ടി എച്ച് മുസ്തഫയുടെ ഊഴമായിരുന്നു.
1991ൽ അദ്ദേഹം മന്ത്രിയുമായി. എന്നാൽ, 1996ൽ സിപിഐ എമ്മിലെ എം പി വർഗീസ് മുസ്തഫയെ തോൽപ്പിച്ച് മണ്ഡലം തിരിച്ചുപിടിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ പക്ഷേ, മുസ്തഫ വീണ്ടും ജയിച്ചുകയറി. 2006ൽ എം എം മോനായിയിലൂടെ മണ്ഡലം എൽഡിഎഫ് തിരിച്ചുപിടിച്ചു. 2011ൽ വീണ്ടും സംവരണ മണ്ഡലമായി. യുഡിഎഫിലെ വി പി സജീന്ദ്രനായിരുന്നു വിജയം. 2016ലും സജീന്ദ്രൻ തുടർന്നു. 2021ൽ പി വി ശ്രീനിജിൻ 2715 വോട്ട് ഭൂരിപക്ഷത്തോടെ മണ്ഡലം തിരിച്ചുപിടിച്ചു.
ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ മണ്ഡലം ഏറെ നേട്ടമുണ്ടാക്കിയ പത്തുവർഷമാണ് കടന്നുപോയത്. കടയിരുപ്പ് ഗവ. എച്ച്‌എസ്‌എസിൽ മൂന്നുകോടി രൂപ ചെലവിലാണ് സിന്തറ്റിക്ക് ട്രാക്ക് നിർമിച്ചത്.
ആകെ വോട്ടർമാർ: 1,86,000
സ്‌ത്രീകൾ: 95,114
പുരുഷന്മാർ: 90,885
ട്രാൻസ്‌ജൻഡർ: 1










0 comments