ഇടമലയാറില്‍ ജലനിരപ്പ് താഴുന്നു; വൈദ്യുതി ഉൽപ്പാദനത്തിൽ ആശങ്ക

ഇടമലയാര്‍ ഡാമിൽ ജലനിരപ്പ് കുറഞ്ഞപ്പോൾ
ജോഷി അറക്കൽ
Published on Apr 19, 2026, 02:15 AM | 1 min read
കോതമംഗലം
വേനല്‍ കനത്തതോടെ ഇടമലയാര്‍ ഡാമില്‍ ജലനിരപ്പ് അതിവേഗം താഴുന്നു. 169 മീറ്റർ സംഭരണശേഷിയുള്ള ഡാമിന്റെ ശനിയാഴ്ചത്തെ ജലനിരപ്പ് 140.76 മീറ്റര്‍ ആണ്. കഴിഞ്ഞവര്‍ഷം 143.79 മീറ്റര്‍ ആയിരുന്നു ജലനിരപ്പ്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ ഇല്ലാത്തതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി കുറഞ്ഞു. മഴ കൃത്യമായി ലഭിച്ചില്ലെങ്കിൽ മെയ് അവസാനത്തോടെ വൈദ്യുതി ഉൽപ്പാദനം പ്രതിസന്ധിയിലാകും. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മഴക്കാലംവരെ വൈദ്യുതി ഉൽപ്പാദനം തുടരാനാകുമെന്നുമാണ് അധികൃതരുടെ വിശദീകരണം.
നിലവിലെ വൈദ്യുതി ഉൽപ്പാദനം 54 മെഗാവാട്ടാണ്. 34.5 മെഗാവാട്ട് വീതംശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് ഇവിടെയുള്ളത്. 75 മെഗാവാട്ടാണ് സ്ഥാപിതശേഷി.മഴക്കാലത്ത് മറ്റ് പദ്ധതികളില്‍ വൈദ്യുതി ഉൽപ്പാദനം പൂര്‍ണതോതിലാകുമ്പോള്‍ ഇടമലയാറില്‍ ഉൽപ്പാദനംകുറച്ച് വെള്ളം പരമാവധി ശേഖരിക്കുന്ന രീതിയാണ് പിന്തുടരുന്നത്. കഴിഞ്ഞവര്‍ഷം ഇടമലയാര്‍ ഡാമില്‍ ജലനിരപ്പ് പൂര്‍ണ സംഭരണശേഷിയില്‍ എത്തിയിരുന്നില്ല.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായില്ല. 2022 ആഗസ്‌തിലാണ് ഡാം നിറഞ്ഞതിനെത്തുടര്‍ന്ന് അവസാനമായി തുറന്നത്.
ഇടമലയാറില്‍ വൈദ്യുതി ഉൽപ്പാദനം സുഗമമായി നടക്കുന്നതിനാല്‍ ഭൂതത്താന്‍കെട്ടില്‍നിന്ന് പെരിയാറിലേക്ക് ജലലഭ്യത ഉറപ്പുവരുത്താനാകുന്നുണ്ട്. പെരിയാര്‍വാലി കനാല്‍വഴിയുള്ള ജലവിതരണത്തിനും ഭൂതത്താന്‍കെട്ടിന്റെ താഴേക്കുള്ള കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനത്തിനും തടസ്സം ഉണ്ടാകില്ല. മുന്‍ വര്‍ഷങ്ങളില്‍ ഇടമലയാറില്‍നിന്നുള്ള വെള്ളം കുറഞ്ഞപ്പോള്‍ കനാലുകളിലൂടെയുള്ള ജലവിതരണത്തെ ബാധിച്ചിരുന്നു.










0 comments