ഇഡി വേട്ടയ്‌ക്ക് താക്കീതായി എൽഡിഎഫ് പ്രതിഷേധം

പ്രതിപക്ഷനേതാവ് പിണറായി വിജയനെ ലക്ഷ്യമാക്കിയുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്‌ഡിൽ പ്രതിഷേധിച്ച് എൽഡിഎഫ് ജില്ലാകമ്മിറ്റി കാക്കനാട് നടത്തിയ മാർച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വേട്ടയ്‌ക്കെതിരെ ഉജ്വല പ്രതിഷേധവുമായി ജില്ല. എൽഡിഎഫ് ജില്ലാകമ്മിറ്റി നടത്തിയ മാർച്ച് കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്ന മോദിസർക്കാരിനും അതിന് കൂട്ടുനിൽക്കുന്ന കോൺഗ്രസിനുമുള്ള താക്കീതായി. പ്രതിഷേധവും രോഷവും ആർത്തിരന്പും മനസ്സുമായി നിരവധിപേർ മാർച്ചിൽ അണിനിരന്നു. ബിജെപിയുടെയും കോൺഗ്രസിന്റെയും നെറികെട്ട ആക്രമണത്തിനെതിരെ ജനകീയ പ്രതിരോധം തീർക്കുമെന്നും മുട്ടുമടക്കില്ലെന്നും മതനിരപേക്ഷ മനസ്സുകൾ പ്രഖ്യാപിച്ചു.
കാക്കനാട് കേരള ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റിനുസമീപം ഓപ്പണ്‍ സ്റ്റേജിലെത്തി സമാപിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്‌ഘാടനം ചെയ്‌തു. സിപിഐ ജില്ലാ സെകട്ടറി എന്‍ അരുണ്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ് മണി, എം അനിൽകുമാർ, കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ടോമി കെ തോമസ്, എന്‍സിപി സംസ്ഥാന ട്രഷറര്‍ പി ജെ കുഞ്ഞുമോന്‍, കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് അനില്‍ കാഞ്ഞിലി, ആര്‍ജെഡി ജില്ലാ വൈസ് പ്രസിഡന്റ് എ എ ബാവ, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പൗലോസ് മുടക്കന്തല എന്നിവർ സംസാരിച്ചു.









0 comments