ഇ–മാലിന്യശേഖരണ യജ്ഞം തുടങ്ങി

വൈപ്പിൻ
എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌കൂളും റോട്ടറി ക്ലബ് ഓഫ് മിലാനും ചേർന്ന് സംഘടിപ്പിക്കുന്ന ഇ-മാലിന്യശേഖരണ യജ്ഞത്തിന് തുടക്കമായി. സ്കൂളിലെ എൻസിസി, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ചേർന്ന് സമാഹരിച്ച ഉപയോഗശൂന്യമായ ഇലക്ട്രോണിക് വസ്തുക്കൾ കുസാറ്റ് സ്കൂൾ ഓഫ് മറൈൻ സയൻസ് റിട്ട. പ്രൊഫസർ ഡോ. എ എ മുഹമ്മദ് ഹാത്ത റോട്ടറി ക്ലബ് ഭാരവാഹികൾക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
ഇ-–മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതുമൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾ ഡോ. മുഹമ്മദ് ഹാത്ത വിദ്യാർഥികൾക്ക് വിശദീകരിച്ചു. കൊച്ചിൻ മിലാൻ ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡന്റും റോട്ടറി ഡിസ്ട്രിക്റ്റ് ജിജിആറുമായ ദീപ സന്തോഷ് കേഡറ്റുകൾ സമാഹരിച്ച ഉപയോഗശൂന്യമായ ഇലക്ട്രോണിക് വസ്തുക്കൾ ഏറ്റുവാങ്ങി. പ്രധാനാധ്യാപിക സി രത്നകല അധ്യക്ഷയായി. പിടിഎ പ്രസിഡന്റ് ഷിജോയ് സേവ്യർ, അധ്യാപകൻ ജോർജ് അലോഷ്യസ് എന്നിവർ സംസാരിച്ചു.
തങ്ങളുടെ വീടുകളിൽനിന്നും പരിസരങ്ങളിൽനിന്നുമായി ഉപയോഗശൂന്യമായ ബൾബ്, വയർ, ടേപ്പ് റെക്കോഡർ, മൊബൈൽ ഫോൺ, ട്യൂബ്‌ലൈറ്റ്, സീരിയൽ ലൈറ്റ്, ഫാൻ, ബാറ്ററി, ടിവി, കംപ്യൂട്ടർ, ലാപ്ടോപ് തുടങ്ങിയവയാണ് കേഡറ്റുകൾ സമാഹരിച്ച് സ്കൂളിലെത്തിച്ചത്.
വരുംദിവസങ്ങളിലും ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ സ്കൂളിൽ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. സെന്റ് അംബ്രോസ് എൽപി സ്കൂൾ, എസ്‌പി സഭ എൽപി സ്കൂൾ, ഗവ. യുപി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളും പങ്കാളികളായി.










0 comments