റെയിൽവേ നിരക്ക് കൊള്ള ; പ്രതിഷേധമുയർത്തി യുവത

റെയിൽവേ നിരക്ക് കൊള്ളയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
റെയിൽവേ നിരക്ക് കൊള്ളയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധത്തിൽ യുവജനരോഷമിരമ്പി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും ധർണയും സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്‌ഘാടനം ചെയ്‌തു. റെയിൽവേ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമത്തിന്റെ ഭാഗമാണ് അടിക്കടിയുള്ള ടിക്കറ്റ് നിരക്ക് വർധനയെന്ന് വി കെ സനോജ് പറഞ്ഞു.
പെട്രോൾ വിലവർധന മോഡലിൽ അടിക്കടി ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇതൊരു സ്വാഭാവികമായ രീതിയാണെന്ന തോന്നലുണ്ടാക്കുകയാണ്. 17.5 ലക്ഷം ആളുകൾ ജോലിചെയ്‌തിരുന്ന റെയിൽവേയിൽ ഇപ്പോൾ 12.5 ലക്ഷംപേർ മാത്രമാണ് സ്ഥിരജോലിയിലുള്ളത്. നിയമനത്തിന്റെ പേരിൽ 1200 കോടി രൂപ ഫീസ് ഇനത്തിൽ കൊള്ളയടിച്ചു. യാത്രക്കാരെ കൊള്ളയടിക്കുന്ന വരുമാനരീതികളിൽനിന്ന് റെയിൽവേ പിന്മാറണമെന്നും അല്ലെങ്കിൽ വലിയ സമരമുയർത്തിക്കൊണ്ടുവരുമെന്നും സനോജ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് നിഖിൽ ബാബു അധ്യക്ഷനായി. സെക്രട്ടറി എ ആർ രഞ്ജിത്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരൻ, അമൽ സോഹൻ, കെ വി കിരൺരാജ് എന്നിവർ സംസാരിച്ചു.









0 comments