Deshabhimani

വിദ്വേഷപരാമര്‍ശം

ടി ജി മോഹന്‍ദാസിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

Dyfi March

വിദ്വേഷപരാമര്‍ശം നടത്തിയ ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിന്റെ മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിലേക്ക് ഡിവെെഎഫ്ഐ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച്

വെബ് ഡെസ്ക്

Published on Jul 29, 2026, 12:24 AM | 2 min read

കൊച്ചി

ജന്തർമന്തറിലെ വിദ്യാര്‍ഥി യുവജനപ്രക്ഷോഭകാരികളെക്കുറിച്ച് വിദ്വേഷപരാമര്‍ശം നടത്തിയ ആര്‍എസ്എസ് നേതാവ്‌ ടി ജി മോഹന്‍ദാസിന്റെ മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിലേക്ക്‌ പ്രതിഷേധമാർച്ചുമായി ഡിവൈഎഫ്‌ഐ. കൂവപ്പാടം ജങ്ഷനില്‍നിന്നാരംഭിച്ച മാര്‍ച്ച് വീടിനുസമീപം പൊലീസ് തടഞ്ഞു. മോഹൻദാസിന്റെ കോലത്തില്‍ പ്രവർത്തകർ ചെരുപ്പുമാലയണിയിച്ചു. ഇതുമായാണ്‌ മാർച്ച്‌ നടത്തിയത്‌. വനിതകളടക്കം നിരവധി പേർ പ്രകടനത്തിൽ പങ്കെടുത്തു.


മോഹന്‍ദാസിന്റെ പരാമർശങ്ങൾ കലാപത്തിന് ആഹ്വാനം ചെയ്യുന്നതും വിദ്യാർഥികൾക്കെതിരായ കൊലവിളിയും സ്ത്രീകളെ അപമാനിക്കുന്നതുമാണ്‌. എന്നിട്ടും വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ കേസെടുക്കാന്‍ മടിച്ചെന്നും ഇത്തരം പരാമർശം അംഗീകരിക്കാനാകില്ലെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.


ജില്ലാ സെക്രട്ടറി നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ് അധ്യക്ഷനായി. സിപിഐ എം ജില്ലാകമ്മിറ്റിയംഗം കെ ജെ മാക്സി, കൊച്ചി ഏരിയ സെക്രട്ടറി പി എസ് രാജം, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് മനീഷ രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി കെ സി അരുൺകുമാർ, കൊച്ചി ബ്ലോക്ക് പ്രസിഡന്റ് സാഞ്ചസ് റാഫേൽ എന്നിവർ സംസാരിച്ചു.

വളരെ മോശം ഭാഷയിലാണ് ടി ജി മോഹന്‍ദാസ് പ്രക്ഷോഭത്തെയും പ്രക്ഷോഭകാരികളെയും യുട്യൂബ് വീഡിയോയില്‍ അധിക്ഷേപിച്ചത്.


""ജന്തർമന്തറിൽ പ്രതിഷേധിച്ചവര്‍ ബലാത്സംഗം ഇഷ്ടപ്പെടുന്നവരും ക്രിമിനലുകളുമാണ്. മതനിരപേക്ഷ ഇടതുപക്ഷ ജനാധിപത്യ വര്‍ഗബഹുജനക്കാരെല്ലാം ഇത്തരക്കാരാണ്. എനിക്ക് അധികാരം ഉണ്ടായിരുന്നെങ്കില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് ഇവരെയൊക്കെ വെടിവച്ചുകൊല്ലും, ശവങ്ങള്‍ പെറുക്കിമാറ്റി രംഗം ശാന്തമാക്കും'' എന്നായിരുന്നു ടി ജി മോഹന്‍ദാസ് യുട്യൂബ് ചാനലിലൂടെ പറഞ്ഞത്.


കലാപാഹ്വാനത്തിനെതിരെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും പരാതി നല്‍കിയിരുന്നു. ഇത്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ ആദ്യമല്ല. ഇദ്ദേഹം നടത്തുന്ന "ആര്‍എസ്എസിനെ വെള്ളപൂശുന്ന യുട്യൂബ് ചാനല്‍' വർഗീയ, വിദ്വേഷ പ്രചാരണങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതാണ്.


ടി ജി മോഹൻദാസിന്റേത് വിദ്വേഷ പ്രസംഗത്തിന്റെ ക്രൂരമായ രൂപം: 
അഞ്ജലിമേനോൻ

കൊച്ചി

ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ സംവിധായിക അഞ്ജലിമേനോൻ. വിദ്വേഷ പ്രസംഗത്തിന്റെ ഏറ്റവും ക്രൂരമായ രൂപമാണിത്‌. വികൃതമായ വാക്കുകളോട്‌ മുഖംതിരിക്കുന്നതായും അഞ്ജലിമേനോൻ ഇൻസ്റ്റഗ്രാം കുറിപ്പിൽ പറഞ്ഞു.

പറയുന്ന വാക്കുകൾ ഉള്ളിലെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്നു.


അത് അധാർമികതയുടെ കണ്ണാടിയായി പ്രവർത്തിക്കുകയും ഒളിഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളെ പ്രതിഫലിപ്പിക്കുകയും പൊതുസ്വഭാവത്തെ നിർവചിക്കുകയും ചെയ്യുന്നു. ഇത്തരം പ്രസ്‌താവനകൾ അവഗണിക്കാതെ തുറന്നുകാട്ടുകയും അപലപിക്കുകയും പിഴുതെറിയുകയും ചെയ്യണമെന്ന്‌ അഞ്ജലിമേനോൻ കുറിപ്പിൽ പറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home