ചെല്ലാനത്തെ കുടിവെള്ളക്ഷാമം
വാട്ടർ അതോറിറ്റി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

ചെല്ലാനത്തെ അതിരൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ചെല്ലാനം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോപ്പുംപടി വാട്ടർ അതോറിറ്റി ഓഫീസിൽ നടത്തിയ ധർണ
പള്ളുരുത്തി
ചെല്ലാനത്തെ അതിരൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ചെല്ലാനം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോപ്പുംപടി വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധമാർച്ചും ധർണയും നടത്തി.
രണ്ടു മാസമായി ചെല്ലാനത്ത് വിതരണം ചെയ്യുന്നത് മലിനജലമാണ്. വിജയം കനാൽ നവീകരണവുമായി ബന്ധപ്പെട്ട് നിരവധി സ്ഥലത്തെ പൈപ്പുകൾ പൊട്ടുകയും അതുവഴി മലിനജലം കയറി ചെല്ലാനത്ത് ജനങ്ങൾ ഏറെ പ്രയാസം അനുഭവിക്കുകയും ചെയ്യുകയാണ്. ചെല്ലാനം പഞ്ചായത്ത് തെക്കൻപ്രദേശങ്ങളിൽ വെള്ളം ലഭ്യമാകാത്ത സാഹചര്യമുണ്ട്. ചെളിയും മാലിന്യവും കലർന്ന വെള്ളം ഉപയോഗിക്കേണ്ടിവരുന്ന ചെല്ലാനത്തെ ജനങ്ങളുടെ അവസ്ഥ പരിഹരിക്കണമെന്ന് ഡിവൈഎഫ്ഐ നേതൃത്വം വാട്ടർ അതോറിറ്റി അസി. എക്സി. എൻജിനിയറോട് ആവശ്യപ്പെട്ടു. തുടർന്ന് നടന്ന ചർച്ചയിൽ പ്രശ്നം ഉടൻ പരിഹരിക്കുമെന്നും വെള്ളം ലഭ്യമാകാത്ത പ്രദേശങ്ങളിൽ അടിയന്തരമായി വെള്ളം ലഭ്യമാക്കുമെന്നും അധികൃതർ ഉറപ്പുനൽകി.
പ്രതിഷേധമാർച്ച് ഡിവൈഎഫ്ഐ പള്ളുരുത്തി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി എ ലാൽസൺ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ശരത് ബാസ്റ്റിൻ അധ്യക്ഷനായി. കെ കെ മണിക്കുട്ടൻ, അനിക്കുട്ടൻ, എം എക്സ് ജെബിൻ, വി എസ് ലാലൻ, ജോസഫ് ജെർവിൻ, അഭിഷേക് അഭയൻ എന്നിവർ സംസാരിച്ചു.









0 comments