മഴക്കാലപൂർവ ശുചീകരണം പാളി
കോർപറേഷനുമുന്നിൽ യുവജന പ്രതിഷേധം

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്താതെ മെട്രോ നഗരത്തെ വെള്ളക്കെട്ടിലാഴ്‌ത്തിയ യുഡിഎഫ് ഭരണസമിതിക്കെതിരെ കോർപറേഷൻ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി
കൊച്ചി
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്താതെ മെട്രോ നഗരത്തെ വെള്ളക്കെട്ടിലാഴ്‌ത്തിയ യുഡിഎഫ് ഭരണസമിതിക്കെതിരെ കോർപറേഷൻ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. ഹൈക്കോടതി ജങ്‌ഷനിൽനിന്ന് ആരംഭിച്ച മാർച്ച് കോർപറേഷൻ ഓഫീസിനുമുന്നിൽ പൊലീസ് തടഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരൻ ഉദ്ഘാടനംചെയ്തു.
മഴ ശക്തമായതോടെ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഇതോടെ കനാലുകളിലും തോടുകളിലും മാലിന്യം നിറഞ്ഞ് പകർച്ചവ്യാധികളും മറ്റ് ആരോഗ്യപ്രശ്നങ്ങളും വ്യാപകമായി. നേരിൽക്കണ്ട് വിഷയം ചർച്ചചെയ്യാൻ ഡിവൈഎഫ്‌ഐ നേതാക്കൾ ഓഫീസിൽ എത്തിയെങ്കിലും മേയർ ഓഫീസിലേക്ക് വരാതെ ചർച്ചയിൽനിന്ന് ഒളിച്ചോടി. തുടർന്ന് പ്രവർത്തകർ മേയറുടെ ചേംബറിനുമുന്നിൽ പ്രതിഷേധിച്ചു.
വെള്ളക്കെട്ട് ഒഴിവാക്കാനും മാലിന്യസംസ്കരണത്തിനും കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് നടപ്പാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങൾ യുഡിഎഫ് ഭരണസമിതി തകർത്തു. നഗരത്തിലെ മാലിന്യനീക്കം തടസ്സപ്പെടുത്തി ജനങ്ങളെ അവഹേളിക്കുന്ന നിലപാടാണ് കോർപറേഷൻ സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്, പ്രസിഡന്റ് നിഖിൽ ബാബു എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു.
ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ സി അരുൺകുമാർ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി അമൽ സോഹൻ, ജില്ലാ സെക്രട്ടറിയറ്റംഗം അമൽ സണ്ണി എന്നിവർ സംസാരിച്ചു.









0 comments