20 ലക്ഷത്തിന്റെ നിരോധിത ചൈനീസ് ഡ്രോൺ കണ്ടുകെട്ടി

കസ്‌റ്റംസ് കണ്ടുകെട്ടിയ ചൈനീസ് നിർമിത ഡ്രോൺ
കൊച്ചി
ഇരുപത് ലക്ഷം രൂപയുടെ നിരോധിത ചൈനീസ് ഡ്രോൺ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടുകെട്ടി. 50 കിലോ ഭാരം വഹിക്കാൻ ശേഷിയുള്ള ഡ്രോണാണ് കണ്ടുകെട്ടിയത്. അനധികൃതമായി ഡ്രോൺ പറത്തുന്നുവെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഹരിപ്പാട് സ്റ്റേഷൻ എസ്എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡ്രോൺ ആദ്യം കസ്റ്റഡിയിലെടുത്തത്.
തുടർനടപടികൾക്കായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറുകയായിരുന്നു. ഡ്രോൺ പറത്തിയവർക്കെതിരായ അന്വേഷണം തുടരുകയാണ്.
കൊച്ചിയിൽനിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിൽ ഇറക്കുമതി നിരോധിച്ച, ചൈനീസ് നിർമിത ഡ്രോണാണെന്ന് സ്ഥിരീകരിച്ചു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി ഇല്ലാതെയാണ് ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി.
ഇത്തരം ഡ്രോണുകളുടെ ഇറക്കുമതിയും കൈവശംവയ്‌ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുള്ളതാണ്. നിരോധനം ലംഘിക്കുന്നത് കസ്റ്റംസ് നിയമപ്രകാരം കഠിനശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.









0 comments