പൂണിത്തുറയിലെ കുടിവെള്ളക്ഷാമം: സിപിഐ എം സമര പ്രഖ്യാപന സമ്മേളനം നടത്തി

പൂണിത്തുറയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം പൂണിത്തുറ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച സമര പ്രഖ്യാപന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
പൂണിത്തുറ, പേട്ട പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം പൂണിത്തുറ ലോക്കൽ കമ്മിറ്റി സമര പ്രഖ്യാപന സമ്മേളനം നടത്തി. ജില്ലാ കമ്മിറ്റി അംഗം സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്തു.
വളപ്പിക്കടവ്, അയ്യങ്കാളി റോഡ്, ജവഹർ റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിയട്ട് ആഴ്ചകൾ കഴിഞ്ഞു. ജനങ്ങൾ ദൂരസ്ഥലങ്ങളിൽനിന്ന് വെള്ളം പാത്രത്തിൽ ശേഖരിച്ച് കൊണ്ടുവന്നാണ് ആവശ്യങ്ങൾ നിർവഹിക്കുന്നത്. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് കുടിവെള്ളക്ഷാമം ഉണ്ടാകുന്ന പ്രദേശങ്ങളിൽ കൗൺസിലറുടെ നേതൃത്വത്തിൽ ടാങ്കർ ലോറിയിൽ കുടിവെള്ളം സൗജന്യമായി എത്തിച്ചിരുന്നു. എന്നാൽ യുഡിഎഫ് ഭരണസമിതി കുടിവെള്ളക്ഷാമം പരിഹരിക്കാൻ ശ്രമിക്കുന്നില്ല. എംഎൽഎയോടും കൗൺസിലറോടും പരാതി പറഞ്ഞിട്ടും നടപടിയായില്ല.
കുടിവെള്ളം ലഭിക്കാത്ത പ്രദേശങ്ങളിലെ ജനങ്ങളെ അണിനിരത്തി ഒക്ടോബർ ആറിന് കടവന്ത്ര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് സിപിഐ എം പ്രതിഷേധ ധർണ സംഘടിപ്പിക്കും. യോഗത്തിൽ എ ജി സജീഷ് അധ്യക്ഷനായി. എ ബി സാബു, ഇ കെ സന്തോഷ്, കെ ബി സതീശൻ എന്നിവർ സംസാരിച്ചു.










0 comments