ഡെങ്കിപ്പനി പ്രതിരോധം: ക്യാമ്പയിനുകൾക്ക് തുടക്കം

കൊച്ചി
ദേശീയ ഡെങ്കിദിനാചരണത്തിന്റെ ഭാഗമായി എന്റെ ഓഫീസ് ഉറവിട വിമുക്തം, ഓപ്പറേഷൻ സിഐഡി (ചെക്ക്, ഇൻസ്പെക്ട്, ഡ്രയിൻ /ഡിസ്ട്രോയ്) ക്യാമ്പയിനുകൾ കലക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്തു. കൊതുക് നശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൃത്രിമ ജലാശയങ്ങൾ, അലങ്കാര കുളങ്ങൾ എന്നിവിടങ്ങളിൽ കൂത്താടിഭോജികളായ ഗപ്പി മീനുകളെ നിക്ഷേപിക്കുന്ന പദ്ധതിക്കും തുടക്കമായി.
ശനിയാഴ്ചകളിൽ ഓഫീസുകൾ കേന്ദ്രീകരിച്ച് ഉറവിടനശീകരണം ശക്തമാക്കുന്നതിനാണ് എന്റെ ഓഫീസ് ഉറവിട വിമുക്തം ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. സിവിൽ സ്‌റ്റേഷനിലെ 88 ഓഫീസുകളിലും കലക്ടറേറ്റ്, ആരോഗ്യ വകുപ്പ് ജീവനക്കാർ അടങ്ങിയ സംഘം സന്ദർശനം നടത്തി. ഓഫീസുകളിൽ പ്രതിജ്ഞ ചൊല്ലൽ, ബോധവൽക്കരണ പോസ്‌റ്റർ പ്രദർശിപ്പിക്കൽ, ഉറവിട നശീകരണ പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിച്ചു.
ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ കൊതുകുജന്യരോഗങ്ങളെ പ്രതിരോധിക്കാൻ ജനകീയ പങ്കാളിത്തത്തോടെയുള്ള ഉറവിട നശീകരണമാണ് ഓപ്പറേഷൻ സിഐഡി ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. വിപുലമായ സോഷ്യൽ മീഡിയ പ്രചാരണം, ആരോഗ്യസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ഉറവിട നശീകരണം, തദ്ദേശ സ്ഥാപനതലത്തിലും വാർഡ് ഹെൽത്ത് സാനിട്ടേഷൻ കമ്മിറ്റികൾ കേന്ദ്രീകരിച്ചുമുള്ള യോഗങ്ങൾ ആരംഭിച്ചു.
വാണിജ്യസ്ഥാപനങ്ങൾ, മാർക്കറ്റുകൾ, അതിഥിത്തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, പ്ലാന്റേഷനുകൾ, നിർമാണസ്ഥലങ്ങൾ, അങ്കണവാടികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, വൃദ്ധസദനങ്ങൾ, കെയർ ഹോമുകൾ, ഹോസ്റ്റലുകൾ, ഫ്ലാറ്റുകൾ, വീടുകൾ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധനയും ഗപ്പി വിതരണവും ഉറവിടനശീകരണ ബോധവൽക്കരണ പ്രവർത്തനങ്ങളും നടക്കും.










0 comments