Deshabhimani

വി സി അഹമ്മദുണ്ണി 
വിആർ മ്യൂസിയം സമർപ്പിച്ചു

the museum

വി സി അഹമ്മദുണ്ണി അനുസ്മരണവും ‘ഓർമകളിൽ വി സി' എന്ന പുസ്തകം പ്രകാശിപ്പിക്കലും മന്ത്രി പി രാജീവ് 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 14, 2026, 02:00 AM | 1 min read

ആലുവ


സ്വാതന്ത്ര്യസമരസേനാനിയും എംപിയും ഭരണഘടനാ നിയമനിർമാണസഭയിൽ അംഗവുമായിരുന്ന വി സി അഹമ്മദുണ്ണിയുടെ ജീവൻ തുളുമ്പുന്ന പ്രസംഗം നേരിൽ കാണാൻ കഴിഞ്ഞതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് മകൾ നൂർജഹാൻ. അഹമ്മദുണ്ണിയുടെ സ്മരണാർഥം മന്ത്രി പി രാജീവിന്റ നേതൃത്വത്തിൽ തയ്യാറാക്കിയ വെർച്വൽ റിയാലിറ്റി മ്യൂസിയത്തിന്റ സമർപ്പണച്ചടങ്ങിലാണ് പിതാവിന്റെ വെർച്വൽ പ്രസംഗത്തിന് മകൾ സാക്ഷിയായത്.


വെളിയത്തുനാട് ലോകത്തിന് സമ്മാനിച്ച കർമയോഗിയുടെ ഓർമകൾക്ക്, ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ കരുത്തിലാണ് സ്മാരകം തയ്യാറാക്കിയത്. ആലുവ യുസി കോളേജിൽ നടന്ന ചടങ്ങിൽ മന്ത്രി പി രാജീവ് വെർച്വൽ മ്യൂസിയം നാടിന് സമർപ്പിച്ചു. അഹമ്മദുണ്ണിയുടെ സ്വാതന്ത്ര്യസമരത്തിലെ പങ്കാളിത്തംമുതൽ ഭരണഘടനാ നിർമാണസഭയിലെ ചരിത്രനിമിഷങ്ങൾവരെയുള്ള ത്യാഗനിർഭര ജീവിതവും നാടിന്റെ പുരോഗതിക്കായി നടപ്പാക്കിയ പദ്ധതികളും ഡിജിറ്റലായും, ത്രീഡിയായും പുനഃസൃഷ്ടിച്ചിട്ടുണ്ട്.


വിആറിൽ രൂപപ്പെടുത്തിയ ഈ മ്യൂസിയം ആർക്കൈവൽ രേഖകളും സാധ്യമായ പ്രസംഗങ്ങളും ഉൾപ്പെടുത്തി മെറ്റാവേഴ്സ് ആപ്ലിക്കേഷനായി അപ്ഗ്രേഡ് ചെയ്യും. അതോടെ ലോകത്തെവിടെനിന്നും വിആർ ഹെഡ്സെറ്റ് ഉപയോഗിച്ച് മ്യൂസിയം സന്ദർശിക്കാനാകും.

വിആർ അനുഭവം വഴി വി സി അഹമ്മദുണ്ണിയുടെ ജീവിതം മനസ്സിലാക്കാൻ പ്രദേശത്തെ സ്കൂളുകളിലെ വിദ്യാർഥികൾക്കായി വെർച്വൽ റിയാലിറ്റി ലാബുകൾ നടപ്പാക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. എക്സ്ആർ ഹൊറൈസൺ സ്ഥാപകനും സിഇഒയുമായ ഡെൻസിൽ ആന്റണിയാണ് വെർച്വൽ മ്യൂസിയം ഒരുക്കിയത്.


ആലുവ യുസി കോളേജിൽ നടന്ന ചടങ്ങിൽ വി സി അഹമ്മദുണ്ണി അനുസ്മരണവും ‘ഓർമകളിൽ വി സി' എന്ന പുസ്തകം പ്രകാശിപ്പിക്കലും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് സി കെ അബ്ദുൾ റഹിം, ചലച്ചിത്രസംവിധായകൻ കമൽ, വി പി ജോർജ്, സിയാവുദ്ദീൻ, അബ്ദുൾ ഷുക്കൂർ എന്നിവർ സംസാരിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home