രാഷ്‌ട്രപതി ഭവനിൽ ‘ചിലങ്ക’യണിഞ്ഞ് വിദ്യാ ദാസും ശിഷ്യരും

കൊച്ചി
പിറവത്തിന്റെ സ്വന്തം ‘നാട്യകലാക്ഷേത്ര’യിൽനിന്ന് രാഷ്‌ട്രപതിഭവനിലെത്തിയ സന്തോഷത്തിലാണ് നൃത്താധ്യാപിക ആർഎൽവി വിദ്യാ ദാസും ശിഷ്യരും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിഭവനിൽ നടക്കുന്ന സാംസ്‌കാരിക പരിപാടിയിൽ മോഹിനിയാട്ടം അവതരിപ്പിക്കാനാണ് ഇവർക്ക് അവസരം ലഭിച്ചത്. വിദ്യാ ദാസിനൊപ്പം ശിഷ്യരായ പിറവം സ്വദേശിനി അനു ഏലിയാസ്, കളന്പൂർ സ്വദേശിനി സാന്ദ്രാ ചന്ദ്രൻ, കക്കാട് സ്വദേശിനി ശ്രീലക്ഷ്മി ദിനേശ് എന്നിവരാണ് ശനി ഉച്ചയ്‌ക്ക് അരമണിക്കൂർ മോഹിനിയാട്ടം അവതരിപ്പിച്ചത്.
തിരുവനന്തപുരം ശ്രീമൂകാംബിക ഡാൻസ് അക്കാദമി വഴിയാണ് അപേക്ഷിച്ചത്. അവസരം ലഭിച്ചതായി രണ്ടുമാസംമുന്പ് അറിയിപ്പ് ലഭിച്ചു. തുടർന്ന് കഠിന പരിശീലനത്തിലായിരുന്നു എല്ലാവരും. ഡൽഹിയിൽ സുർജിത് ഭവനിലായിരുന്നു താമസം. മറക്കാനാവാത്ത അനുഭവമാണ് രാഷ്‌ട്രപതിഭവനിലെ നൃത്തപരിപാടി തങ്ങൾക്ക് സമ്മാനിച്ചതെന്ന് വിദ്യാ ദാസും ശിഷ്യരും ഒരേസ്വരത്തിൽ പറയുന്നു.










0 comments