ad
Deshabhimani

കാനഡയിലെ പ‍ൗൾട്രി ഫാമിൽ ജോലി വേണോ?

cyber
വെബ് ഡെസ്ക്

Published on May 28, 2026, 02:01 AM | 1 min read

കൊച്ചി


‘കാനഡ ഒന്റാറിയോ ബെർക്ക്‌ഡെയ്‌ൽ പൗൾട്രി ഫാമിൽനിന്നുള്ള ആശംസകൾ. ഞങ്ങളുടെ ഫാമിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്. നിങ്ങളുടെ താൽപ്പര്യം അറിയാനാണ്‌ ഇ‍ൗ സന്ദേശം’ ഇ–മെയിലിലും വാട്‌സാപ്പിലും വരുന്ന ഇത്തരം സന്ദേശങ്ങൾക്ക്‌ തലവയ്‌ക്കരുതെന്ന്‌ പൊലീസ്‌ മുന്നറിയിപ്പ്‌. ലക്ഷങ്ങൾ ശന്പളമുള്ള ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടുന്ന സൈബർ തട്ടിപ്പുകാരാണ്‌ സന്ദേശങ്ങൾക്ക്‌ പിന്നിൽ.


താൽപ്പര്യമുണ്ടെന്ന്‌ അറിയിച്ചാൽ പിന്നെ ഇ–മെയിലുകളുടെ വരവാണ്‌. പൗൾട്രി ഫാമിൽ ഏതൊക്കെ തസ്തികകളിലാണ്‌ ഒഴിവുള്ളതെന്നും ശന്പള സ്‌കെയിലും പറയും. ഓരോ തസ്‌തികയ്‌ക്കും ലഭിക്കുന്ന ഉയർന്ന ശമ്പളം ആരെയും മോഹിപ്പിക്കുന്നതാണ്‌. ചിലപ്പോൾ വിസ പ്രോസസിങ്ങിനായി പണം അയച്ചുതരാൻ പറയും. ഇത്‌ 10,000 മുതൽ ഒരു ലക്ഷംവരെ നീളും.


ചിലപ്പോൾ നിങ്ങൾക്ക്‌ മറ്റേതെങ്കിലും രാജ്യത്തേയ്‌ക്കുള്ള വിസയാകും അയച്ചുതരിക. അവിടെയെത്തിയാൽ സൈബർ തട്ടിപ്പ്‌ സംഘത്തിന്റെ കൈയിലാകും എത്തുക. നിങ്ങളെ ഭീഷണിപ്പെടുത്തി അവരുടെ സംഘത്തിൽ ഉൾപ്പെടുത്തും. പാസ്‌പോർട്ട്‌ പിടിച്ചുവയ്‌ക്കും. ഒടുവിൽ സൈബർ തട്ടിപ്പുകാരുടെ കോൾ സെന്ററിലിരുന്ന്‌ ഇരകളെ കണ്ടെത്തുന്ന സംഘങ്ങൾക്കൊപ്പം ജോലി ചെയ്യേണ്ടിയും വരും.


ഇത്തരം വിദേശജോലി വാഗ്ദാനങ്ങൾ പലപ്പോഴും വ്യാജമായിരിക്കാൻ സാധ്യതയുണ്ടെന്ന്‌ പൊലീസ്‌ മുന്നറിപ്പ്‌ നൽകുന്നു. ഔദ്യോഗിക വിവരങ്ങളോ പണമോ കൈമാറുന്നതിനുമുന്പ്‌ സ്ഥാപനത്തെക്കുറിച്ച് കൃത്യമായി അന്വേഷിച്ച് ബോധ്യപ്പെടണം. നോർക്ക പോലെയുള്ള സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ സ്ഥാപനത്തെക്കുറിച്ച്‌ അന്വേഷിക്കാം. തട്ടിപ്പിനിരയായി പണം നഷ്ടമായാൽ ഉടനെ അടുത്ത പൊലീസ്‌ സ്‌റ്റേഷനിലോ ദേശീയ സൈബർ ക്രൈം പോർട്ടലിന്റെ ഫോൺ നന്പറായ 1930ലോ വിളിച്ച്‌ പരാതി രജിസ്‌റ്റർ ചെയ്യണമെന്നും പൊലീസ്‌ പറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home