ad
Deshabhimani

ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ കൊച്ചിയിൽ ; സംഘാടകസമിതി രൂപീകരിച്ചു

cultural congress
വെബ് ഡെസ്ക്

Published on Aug 26, 2025, 01:04 AM | 1 min read


കൊച്ചി

രാജ്യത്ത് ആദ്യമായി ദേശീയ സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കാനൊരുങ്ങി കേരളം. ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് എന്ന പേരിൽ സാംസ്കാരിക സമ്മേളനം കൊച്ചിയിലാണ്‌ സംഘടിപ്പിക്കുകയെന്ന് സാംസ്കാരികമന്ത്രി സജി ചെറിയാൻ പറഞ്ഞു. ഡിസംബർ 18 മുതൽ 20 വരെ നടത്താനാണ് സാംസ്കാരികവകുപ്പിന്റെ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ്‌ തടസ്സമായാൽ ജനുവരിയിലേക്ക് മാറ്റിയേക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എറണാകുളത്ത്‌ സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ജനാധിപത്യവും മതനിരപേക്ഷതയും വെല്ലുവിളി നേരിടുമ്പോൾ സാംസ്കാരിക മേഖലയിലൂടെ മതനിരപേക്ഷതയെ ഉയർത്തിക്കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്‌. ഏകഭാഷയും ഏകമതവും അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനെതിരെ രാജ്യത്തിന്റെ വൈവിധ്യം ഉയർത്തിക്കാണിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖർ പരിപാടിയുടെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു.


സിനിമാപ്രദർശനം, നൃത്തം, ഡോക്യുമെന്ററികൾ, ഫോക്‌ലോർ കലാരൂപങ്ങൾ, ഭക്ഷ്യമേള, പുസ്തകമേള, സെമിനാറുകൾ, ചർച്ചകൾ, സർക്കസ്‌ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളുണ്ടാകും. അന്തർദേശീയ, ദേശീയ, സംസ്ഥാന തലത്തിലുള്ള കലകളും സംഗീതവും ആസ്വദിക്കാനാകും. മൂന്നുദിവസത്തെ പ്രധാന പരിപാടികൾക്കുപുറമെ അനുബന്ധമായി ദിവസങ്ങൾ നീളുന്ന വിവിധ പരിപാടികൾ നടക്കും.


യോഗത്തിൽ മേയർ എം അനിൽകുമാർ അധ്യക്ഷനായി. ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ബുക്ക്മാർക്ക് സെക്രട്ടറി എബ്രഹാം മാത്യു, ചലച്ചിത്ര അക്കാദമി അധ്യക്ഷൻ പ്രേംകുമാർ, സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗങ്ങളായ തനൂജ ഭട്ടതിരി, വിജയ രാജമല്ലിക തുടങ്ങിയവർ സംസാരിച്ചു.

വ്യവസായമന്ത്രി പി രാജീവ്‌ ചെയർമാനായി സംഘാടകസമിതി രൂപീകരിച്ചു. മേയർ എം അനിൽകുമാർ വർക്കിങ്‌ ചെയർമാനും സാംസ്‌കാരികവകുപ്പ്‌ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ ജനറൽ കൺവീനറുമാണ്‌. മുരളി ചീരോത്ത്, പ്രമോദ് പയ്യന്നൂർ, എബ്രഹാം മാത്യു എന്നിവർ ജോയിന്റ് കൺവീനർമാരാണ്‌. 1001 അംഗ ജനറൽ കമ്മിറ്റിയും 251 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയുമാണ് രൂപീകരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home