കൃഷിനാശം: കർഷകർക്ക് സഹായം നൽകണം; കർഷകസംഘം

കൃഷിനാശം സംഭവിച്ച മലയാറ്റൂരിലെ വാഴത്തോട്ടം കർഷകസംഘം നേതാക്കൾ സന്ദർശിക്കുന്നു
കാലടി
മലയാറ്റൂരിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് സാമ്പത്തിക സഹായം നൽകണമെന്ന് കേരള കർഷകസംഘം അങ്കമാലി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
കടപ്പാറ പ്രദേശത്ത് 10 കർഷകരുടെ 4200 ഏത്തവാഴകളാണ് കനത്ത കാറ്റിലും മഴയിലും നശിച്ചത്. 10 മുതൽ 40 വർഷംവരെ പഴക്കമുള്ള നിരവധി ജാതിമരങ്ങളും മറിഞ്ഞു. കണ്ടത്തിൽ സെബാസ്റ്റ്യൻ, പനഞ്ചിക്കൽ തൊമ്മച്ചൻ, കോലഞ്ചേരി ആന്റണി, ജോഷി കുഞ്ഞുമോൻ, കണ്ടത്തിൽ കൊച്ചാഗസ്തി, വല്ലത്തുകാരൻ പാപ്പച്ചൻ, വല്ലത്തുകാരൻ ബിജു, നടുവട്ടം മാടൻ ഇട്ടുപ്പ് എന്നിവരുടെ വാഴത്തോട്ടങ്ങളാണ് കാറ്റിൽ പൂർണമായും തകർന്നത്.
മംഗലത്തുപറമ്പിൽ മിനി ദേവരാജൻ, മുല്ലശേരി വിനയകുമാർ എന്നിവരുടെ ജാതിമരങ്ങളും മറിഞ്ഞു. 50 ലക്ഷം രൂപയുടെ നഷ്ടമാണ് മേഖലയിലെ കർഷകർക്കുണ്ടായിട്ടുള്ളത്. നാശനഷ്‌ടമുണ്ടായ തോട്ടങ്ങൾ കേരള കർഷകസംഘം ഏരിയ സെക്രട്ടറി പി അശോകൻ, പ്രസിഡന്റ് ബൈജു പറപ്പിള്ളി, സ്മിത ബേബി, ടിജോ ജോസഫ്, കെ ജെ ബോബൻ, ജുബിൻ ജോളി എന്നിവർ സന്ദർശിച്ചു.
കൃഷിനാശം സംഭവിച്ചവർക്ക് ധനസഹായം ആവശ്യപ്പെട്ട് കലക്ടർക്ക് നിവേദനവും നൽകി.
മലയാറ്റൂർ–നീലീശ്വരം പഞ്ചായത്തിലെ നവോദയപുരത്ത് കാറ്റിലും മഴയിലും നിരവധി മരങ്ങൾ മറിഞ്ഞു. വൈദ്യുതിത്തൂണുകളും ഒടിഞ്ഞു. നവോദയപുരം പുണർത്ത് കുമാരന്റെ വീടിന് മുകളിൽ തേക്ക് വീണ് കേടുപാടുകൾ സംഭവിച്ചു.









0 comments