നടപടിയെടുക്കാതെ കോൺഗ്രസ് കൗൺസിലർ
കാന നവീകരണത്തിനിടെ മതിലുകൾ ഇടിഞ്ഞതിൽ പ്രതിഷേധം

കൗൺസിലർ ദീപ്തി മേരി വർഗീസിന്റെ പകപോക്കൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോർത്ത് ജനതാ റോഡ് അരവിന്ദാക്ഷൻ ലെയ്‌നിലേക്ക് സിപിഐ എം പാലാരിവട്ടം ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധം ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കോർപറേഷൻ 34–-ാം വാർഡിലെ അശാസ്‌ത്രീയ കാനനവീകരണംമൂലം സമീപവാസികളുടെ മതിലുകൾ ഇടിഞ്ഞുവീണിട്ടും അത് പരിഹരിക്കാൻ ശ്രമിക്കാതെ കൗൺസിലർ ദീപ്തി മേരി വർഗീസ് നടത്തുന്ന പകപോക്കൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം പാലാരിവട്ടം ലോക്കൽ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.
മണ്ണുമാന്തിയന്ത്രം കാനയ്‌ക്കുമുകളിൽ കയറ്റി കോൺക്രീറ്റ് സ്ലാബുകൾ നീക്കംചെയ്തപ്പോഴാണ് സമീപത്തെ ചുറ്റുമതിലുകൾ തകർന്നത്. വീതികുറഞ്ഞ റോഡിൽ കാനയ്‌ക്കുമുകളിലൂടെ മണ്ണുമാന്തിയന്ത്രം കയറ്റുന്നതിൽ നാട്ടുകാർ കരാറുകാരോട് ആശങ്ക പ്രകടിപ്പിച്ചെങ്കിലും വകവച്ചില്ല. മണ്ണുമാന്തിയന്ത്രം ഓടിച്ച ഭാഗത്ത് കാനയോടുചേർന്ന് അഞ്ചുവീട്ടുകാരുടെ മതിലുകൾക്ക് വിള്ളലും കേടുപാടും സംഭവിച്ചു. മതിലുകളുടെ കരിങ്കൽക്കെട്ട് താഴ്ന്ന നിലയിലാണ്. ഇതെല്ലാം ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കൗൺസിലർ ദീപ്തി മേരി വർഗീസ് നടപടി കൈകൊണ്ടില്ലെന്ന് നാട്ടുകാർ പരാതി പറഞ്ഞു.
നോർത്ത് ജനതാ റോഡ് അരവിന്ദാക്ഷൻ ലെയ്‌നിൽ നടന്ന പ്രതിഷേധം ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. കെ എ മസൂദ് അധ്യക്ഷനായി. എൻ വി മഹേഷ്, പി എസ് സതീഷ്, പി പി ജ്ഞാനശേഖരൻ എന്നിവർ സംസാരിച്ചു.











0 comments