കൊച്ചിൻ കാർണിവൽ 14 മുതൽ

ക്രിസ്മസിനെ വരവേൽക്കാൻ നാടൊരുങ്ങുമ്പോൾ നക്ഷത്രങ്ങളും പുൽക്കൂടും സാന്താക്ലോസ് രൂപങ്ങളും അലങ്കാരവസ്തുക്കളുമായി വിപണി സജീവം. ആകർഷകമായി ഉൽപ്പന്നം പ്രദർശിപ്പിച്ചാൽ കച്ചവടം പൊടിപൂരം. എറണാകുളം ബ്രോഡ്‌വേ- മേത്തർ ബസാറിൽ ക്രിസ്മസ് വിപണിയിലെ കാഴ്ച ഫോട്ടോ: വി കെ അഭിജിത്ത്
മട്ടാഞ്ചേരി
കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികൾക്ക് 14ന് തുടക്കംകുറിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 8.30ന് സെന്റ് ഫ്രാൻസിസ് പള്ളിയങ്കണത്തിലെ യുദ്ധസ്മാരകത്തിൽ പുഷ്‌പചക്രം അർപ്പിച്ചാണ് പരിപാടികൾ തുടങ്ങുക. സൈനികരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. പള്ളി ഗായകസംഘം സമാധാന സന്ദേശഗാനം ആലപിക്കും തുടർന്ന് വിമുക്ത ഭടന്മാരുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രതിജ്ഞയെടുക്കും.
21ന് രാവിലെ 9.30ന് വാസ്കോ ഡ ഗാമ സ്‌ക്വയറിൽ കെ ജെ മാക്സി എംഎൽഎയുടെ നേതൃത്വത്തിൽ കാർണിവൽ പതാകകൾ ഉയർത്തും. പ്രത്യേകം തയ്യാറാക്കിയ കൊടിമരങ്ങളിലാണ് കൊച്ചിയിലെ 90- സംഘടനകൾ പതാക ഉയർത്തുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ഡിജെ, മെഗാഷോ, മോട്ടോർ ബൈക്ക് റേസ്, വിന്റേജ് സ്കൂട്ടർ റാലി, ആർച്ചറി, ഷൂട്ടിങ്, മാരത്തൺ, കൊങ്കണി ഭാഷാ കലോൽസവം, മെഹന്ദി, കയാക്ക്, ഗുസ്തി, മ്യൂസിക്കൽ നൈറ്റ്, ചൂണ്ടയിടൽ, വഞ്ചി തുഴയൽ തുടങ്ങി വിവിധ കലാകായികമത്സരങ്ങൾ നടക്കും.
ഫോർട്ട് കൊച്ചി കടപ്പുറം, പരേഡ് ഗ്രൗണ്ട്, പള്ളത്ത് രാമൻ ഗ്രൗണ്ട്, അമരാവതി മഴവിൽ പാർക്ക്, ചുള്ളിക്കൽ ക്യൂൻസ് പാർക്ക്, മുണ്ടംവേലി കോർപറേഷൻ ഗ്രൗണ്ട്, വാസ്കോ ഡ ഗാമ സ്ക്വയർ, നെഹ്റു പാർക്ക്, ടിപ് ടോപ് അസീസ് ഗ്രൗണ്ട്, സൗദി സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക. 28 മുതൽ 31 വരെ ദിവസങ്ങളിൽ മ്യൂസിക് ബാൻഡ്, ഡിജെ, അരുൺ ഗോപൻ ഓപ്പൺ മൈക്ക് ബാൻഡ്, മെഗാ മ്യൂസിക് ഷോ എന്നിവ അരങ്ങേറും.
31ന് രാത്രി എട്ടുമുതൽ പുതുവർഷപ്പുലരിയെ വരവേറ്റ് കലാപരിപാടികൾ അരങ്ങേറും. രാത്രി 12ന് പപ്പാഞ്ഞിയെ കത്തിക്കലും തുടർന്ന് കരിമരുന്നുപ്രയോഗവും നടക്കും.
ജനുവരി ഒന്നിന് പകൽ 3.30ന് ഫോർട്ട് കൊച്ചി വെളിയിൽനിന്ന് കാർണിവൽ റാലി ആരംഭിക്കും. കാർണിവൽ കമ്മിറ്റി ഭാരവാഹികളായ കെ ജെ സോഹൻ, എം സോമൻ മേനോൻ, ഷൈനി മാത്യു, പി ജെ ജോസി, എ എച്ച് ഹിദായത്ത്, അഭിലാഷ് തോപ്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments