സിഎം വിത്ത് മി സിറ്റിസൺ കണക്ടിൽ വിളിച്ചു; ഉഷയ്ക്ക് പുതുവത്സര സമ്മാനമായി റേഷൻ കാർഡ്

കളമശേരി
ഉറ്റവരോ ഉടയവരോ ആയി ആരുമില്ലാത്ത ഉഷയെ നാടൊന്നാകെ പിന്തുണച്ചപ്പോൾ പുതുവർഷദിനത്തിൽ സമ്മാനമായി ലഭിച്ചത് റേഷൻ കാർഡ്. 2018ലെ പ്രളയത്തിൽ എല്ലാ രേഖകളും നഷ്ടപ്പെട്ട ഉഷ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്ക് സിറ്റിസൺ കണക്ട് പരിപാടിയിൽ വിളിച്ചതാണ് വഴിത്തിരിവായത്. പുതുവർഷദിനമായ വ്യാഴം രാവിലെ ഏലൂർ നഗരസഭാ അധ്യക്ഷ ലൈജി സജീവനും വാർഡ് കൗൺസിലറുമടക്കം ആശ്രയഭവനിലെത്തി റേഷൻ കാർഡ് കൈമാറിയപ്പോൾ ഉഷയ്ക്ക് സന്തോഷത്താൽ കണ്ണ് നിറഞ്ഞു.
ആധാർ കാർഡ്, വോട്ടർ കാർഡ്, ബാങ്ക് രേഖകൾ, റേഷൻ കാർഡ് തുടങ്ങിയ രേഖകളോ സ്വന്തമായി കിടപ്പാടമോ ഇല്ലാത്ത ഉഷ ഒറ്റമുറി വാടകവീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. വീട്ടുജോലി ചെയ്ത് ജീവിതം തള്ളിനീക്കുന്ന ഉഷയുടെ പ്രയാസങ്ങൾ അറിഞ്ഞ് സിപിഐ എം ഏലൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം കെ എസ് സൈനുദീനാണ് മന്ത്രി പി രാജീവ് കളമശേരിയിൽ സംഘടിപ്പിച്ച പബ്ലിക് സ്ക്വയറിൽ അപേക്ഷ നൽകാൻ ആവശ്യപ്പെട്ടത്. തുടർന്ന് മന്ത്രി രാജീവ് ആശ്രയഭവനിൽ ഉഷയെ താമസിപ്പിക്കാൻ നഗരസഭയോട് നിർദേശിച്ചു. മറ്റു രേഖകൾ എന്നിവ കിട്ടുന്നമുറയ്ക്ക് നഗരസഭയുടെ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി വീട് ലഭ്യമാക്കും. വൈസ് ചെയർപേഴ്സൺ ലീല ബാബു, മുൻ ചെയർപേഴ്സൺ എ ഡി സുജിൽ, കെ എസ് സൈനുദീൻ, കൗൺസിലർമാരായ ടിഷ വേണു, പി ബി രാജേഷ് എന്നിവർ സംസാരിച്ചു.










0 comments