ad
Deshabhimani

കൈക്കൂലി; കോർപറേഷൻ ഓവർസിയറും 
ഏജന്റും വിജിലൻസ്‌ പിടിയിൽ

bribe

പി ഷാനവാസ്‌, പി ആർ സീന

വെബ് ഡെസ്ക്

Published on Sep 25, 2026, 02:23 AM | 1 min read

കൊച്ചി


കൈക്കൂലി വാങ്ങിയ കൊച്ചി കോർപറേഷൻ ഓവർസിയറും ഏജന്റും വിജിലൻസ്‌ പിടിയിൽ. കൊമേഴ്സ്യൽ ബിൽഡിങ്ങിനെതിരെ ലഭിച്ച പരാതിയിൽ ഒത്തുതീർപ്പിന്‌ രണ്ട്‌ ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട ആലുവ പള്ളിക്കുന്ന് സ്വദേശി പി ഷാനവാസ്‌ (-44), 25,000 രൂപ കൈക്കൂലി വാങ്ങിയ ഓവർസിയർ കാഞ്ഞൂർ സ്വദേശി പി ആർ സീന (45), എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.


കലൂർ കതൃക്കടവിലുള്ള കെട്ടിടത്തിലെ കെയർടേക്കറാണ്‌ വിജിലൻസിനെ സമീപിച്ചത്‌. വാടകക്കാർ ഒഴിഞ്ഞപ്പോൾ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. 2009ൽ ഇതിന്‌ കെട്ടിടനമ്പർ അനുവദിച്ചതാണ്‌. എന്നാൽ അറ്റകുറ്റപ്പണിയുടെ ഘട്ടത്തിൽ നിർമാണത്തിൽ മതിയായ മാനണ്ഡങ്ങൾ പാലിച്ചില്ലെന്ന്‌ ഷാനവാസ്‌ ലാൻഡ്‌ ആൻഡ്‌ ബിൽഡിങ് സേഫ്റ്റി കൗൺസിൽ എന്ന സംഘടനയുടെ പേരിൽ കോർപറേഷന് പരാതി നൽകി.


തുടർന്ന്‌ കെട്ടിട ഉടമ സീനയെ കണ്ട്‌ രേഖകൾ നൽകി. സീന കെട്ടിട ഉടമയുടെ ബന്ധുവിനെ ഫോണിൽ വിളിച്ച് ഷാനവാസിന്‌ പണം നൽകാൻ ആവശ്യപ്പെട്ടു. കെട്ടിടത്തിന്റെ കെയർ ടേക്കർ കോർപറേഷൻ ഓഫീസിൽ എത്തിയപ്പോഴും സീന, ഷാനവാസിന്റെ ഫോൺ നമ്പർ നൽകി ഇക്കാര്യം ആവർത്തിച്ചു.


ഷാനവാസിനെ വിളിച്ചപ്പോൾ പരാതി പിൻവലിക്കാൻ ആദ്യം അഞ്ച്‌ ലക്ഷം രൂപയും അത്രയും നൽകാനാകില്ലെന്ന്‌ പറഞ്ഞപ്പോൾ രണ്ട്‌ ലക്ഷവും സീനയ്‌ക്ക്‌ 25,000 രൂപയും നൽകാൻ പറഞ്ഞു. ഒത്തുതീർപ്പാക്കിയ വിവരം സീനയെ വാട്‌സാപ്പ്‌ കോളിൽ അറിയിക്കാനും ആവശ്യപ്പെട്ടു. കെയർടേക്കർ വീണ്ടും സീനയെ വിളിച്ചു. ബിൽഡിങ് യുഎ നമ്പറായാൽ നികുതിയായും പിഴയായും മൂന്നിരട്ടിയിലധികം തുക അടയ്ക്കേണ്ടി വരുമെന്നും 25,000 രൂപ കലൂർ മെട്രോ സ്റ്റേഷൻ പരിസരത്തുവച്ച്‌ നൽകാനും സീന പറഞ്ഞു.


പരാതിക്കാരൻ വിവരം എറണാകുളം വിജിലൻസ് യൂണിറ്റിലെ ഡെപ്യൂട്ടി പൊലീസ്‌ സൂപ്രണ്ടിന്‌ കൈമാറി. വ്യാഴം വൈകിട്ട്‌ 5.10ന്‌ കലൂർ ബസ് സ്റ്റാൻഡിന്‌ സമീപം 25,000 രൂപ കൈക്കൂലി വാങ്ങുന്പോൾ ഇരുവരെയും പിടികൂടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home