ആയവന സമഗ്രം സുസ്ഥിരം

ടൂറിസം പദ്ധതിയിലൂടെ നവീകരിച്ച കാലാമ്പൂര് ചെമ്പ്രംകോട്ടുചിറ
പി ജി ബിജു
Published on Sep 30, 2025, 02:44 AM | 2 min read
ആയവന പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫിനും യുഡിഎഫിനും തുല്യ പങ്കാളിത്തമാണ്. യുഡിഎഫിന് പ്രസിഡന്റ് സ്ഥാനവും എൽഡിഎഫിന് വൈസ് പ്രസിഡന്റ് സ്ഥാനവും നാല് സ്ഥിരംസമിതി അധ്യക്ഷന്മാരുമുണ്ട്. വികസന പ്രവർത്തനങ്ങളിൽ എൽഡിഎഫിന്റെ നേതൃത്വപരമായ ഇടപെടലുണ്ടായതോടെ പഞ്ചായത്ത് മികവിന്റെ പാതയിലാണ്.
അഞ്ചുവർഷത്തിനിടെ സംസ്ഥാന സർക്കാർ സാമ്പത്തിക സഹായത്തോടെ ആയവന പഞ്ചായത്തിൽ നടന്നത് വിവിധ പദ്ധതികൾ. എൽഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയ പ്രധാന പദ്ധതിയായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജലജീവന്‍ മിഷൻ പദ്ധതിപ്രകാരം 23.68 കോടി മുടക്കി പാറത്താഴത്തും വലിയപാറയിലും കുടിവെള്ളസംഭരണികൾ ഉൾപ്പെടെ നിർമിച്ച് പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമുണ്ടാക്കി.
പ്രാഥമിക ചികിത്സാകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. 1.43 കോടി മുടക്കി കെട്ടിടം നിർമാണത്തിനുള്ള അനുമതി സംസ്ഥാന സർക്കാർ നൽകി. 13 വർഷം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച ഗവ. ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിച്ച് ഉദ്ഘാടനത്തിന് ഒരുങ്ങി. പാലിയേറ്റീവ് പ്രവർത്തനങ്ങളും സേവനങ്ങളും തുടരുന്നു. ലൈഫ് ഭവനപദ്ധതിയിൽ 318 വീടുകൾ പൂർത്തിയാക്കി. വീടും സ്ഥലവും ഇല്ലാത്ത 30 കുടുംബങ്ങൾക്ക് ‘മനസ്സോടിത്തിരി മണ്ണ്’ എന്ന പദ്ധതിയിൽ ആദ്യഗഡുമായി 1.20 കോടി രൂപ നൽകി.
സർക്കാർ സഹായത്തോടെ 83 ലക്ഷം മുടക്കി കാലാമ്പൂര് ചെമ്പ്രംകോട്ടുചിറ ടൂറിസം പദ്ധതി നടപ്പാക്കി. കാലാമ്പൂര് ചിറപ്പടി സ്റ്റേഡിയം നവീകരിച്ചു.സുഭിക്ഷ കേരളം പദ്ധതിയിൽ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ ജനകീയ ഹോട്ടൽ തുടങ്ങി. മാലിന്യമുക്ത നവകേരളം പദ്ധതിയിൽ എംസിഎഫ് മിനി എംസിഎഫുകൾ, സിസിടിവികളും സ്ഥാപിച്ചു. അജൈവമാലിന്യം വേർതിരിക്കാൻ കൺവയർ സംവിധാനം, ബയോബിന്നുകൾ എന്നിവ സ്ഥാപിച്ചു. ഹരിതകർമസേന 100 ശതമാനം മാലിന്യശേഖരണം ഉറപ്പാക്കി, മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. തൊഴിൽരഹിതർക്കായി സംസ്ഥാന സർക്കാരിന്റെ ‘എന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിയിൽ തൊഴിൽ ലഭ്യമാക്കി. കൃഷിവകുപ്പുമായി ചേർന്ന് തരിശ് നിലങ്ങളിൽ നെൽക്കൃഷി വ്യാപിപ്പിച്ചു. പച്ചക്കറിക്കൃഷിയും തുടങ്ങി. വയോജന സൗഹൃദ ഗ്രാമം പദ്ധതിയിൽ വയോജന പാർക്ക് ആരംഭിച്ചു. സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചു. അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയയിൽ 15 പേരെ കണ്ടെത്തി പുനരധിവസിപ്പിച്ചു.
അങ്കണവാടികളെ സ്മാർട്ടാക്കുന്ന പ്രവർത്തനം പൂർത്തിയാകുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുകീഴിൽ 33 വർഷം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച ആയവന ടെക്നിക്കൽ സ്കൂളിന് സ്ഥലം വാങ്ങുന്നതിന് സർക്കാർ ഭരണാനുമതിയായി. പഞ്ചായത്ത് ഓഫീസും ഓഡിറ്റോറിയവും 29 ലക്ഷം രൂപ മുടക്കി നവീകരിച്ചു. പഞ്ചായത്ത് ലൈബ്രറി കെട്ടിടം നിർമാണം പൂർത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു.










0 comments