സംസ്ഥാന സർക്കാരിന്റെ പിന്തുണ മാതൃകാപരം : ആനന്ദ് പട്‌വർധൻ

കൊച്ചി മുസിരിസ് ബിനാലെയിലെ പ്രദർശനങ്ങൾ കാണുന്ന സംവിധായകൻ ആനന്ദ് പട്‌വർധൻ
കൊച്ചി
കൊച്ചി -മുസിരിസ് ബിനാലെയ്‌ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണയെ പ്രശംസിച്ച് പ്രശസ്‌ത ഡോക്യുമെന്ററി സംവിധായകൻ ആനന്ദ് പട്‌വർധൻ. പുരോഗമനപരമായ മൂല്യങ്ങളിൽ അധിഷ്ഠിതമായ സമകാലിക കലകൾക്ക് കേരളത്തിലെ സർക്കാർ നൽകുന്ന പിന്തുണ അപൂർവമാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം സാംസ്കാരിക പ്രതിബദ്ധത അപൂർവമാണ്. ബിനാലെയിലെ പല സൃഷ്ടികളും തൊഴിലാളിവർഗ അനുഭവങ്ങളെയും നീതിയെയും സാമൂഹിക പ്രശ്നങ്ങളെയും നേരിട്ട് അഭിസംബോധന ചെയ്യുന്നു. ഇത് കേരളത്തിന്റെ പുരോഗമന പാരമ്പര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി -മുസിരിസ് ബിനാലെയുടെ ഭാഗമായി ആനന്ദ് പട്‌വർധന്റെ ‘വസുധൈവ കുടുംബകം' ഫോർട്ട്കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിൽ പ്രദർശിപ്പിച്ചതോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ലോകം ഒരു കുടുംബമാണെന്ന’ ആശയത്തിൽ ഇരുപലേറെ വർഷത്തെ പ്രയത്നത്തിനൊടുവിൽ 2023-ലാണ് ചിത്രം പുറത്തിറക്കിയത്. മാതാപിതാക്കളോടുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും ലളിതമായ ദൃശ്യങ്ങളിലൂടെ ആരംഭിച്ച് ചരിത്രം, സ്‌മൃതി, അധികാരം എന്നിവയെക്കുറിച്ചുള്ള പ്രസ്താവനയായി സിനിമ മാറുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന ‘ഇന്ത്യ’യിൽനിന്ന് എത്രമാത്രം അകന്നുപോയി എന്ന ചോദ്യമാണ് ചിത്രത്തിന്റെ രാഷ്ട്രീയപ്രസക്തി.
ബിനാലെ സന്ദർശിക്കാം, സൗജന്യമായി
മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ചകളിൽ കൊച്ചി- മുസിരിസ് ബിനാലെ വേദികളിലെ സന്ദർശനം സൗജന്യം. ഫെബ്രുവരി മുതൽ സൗജന്യം പ്രാബല്യത്തിൽ വരുമെന്ന് ബിനാലെ ഫൗണ്ടേഷൻ അറിയിച്ചു. സൗജന്യ പ്രവേശനം അനുവദിച്ച തിങ്കളാഴ്ചകളിലേക്ക് മുന്‍കൂട്ടി ടിക്കറ്റ് എടുത്തവർക്ക് തുക നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ട. ബിനാലെ ടിക്കറ്റുകളിൽ തീയതി രേഖപ്പെടുത്തിയിട്ടില്ല. ഫെബ്രുവരിയിലെ ഒന്നും മൂന്നും തിങ്കളാഴ്ചകളിലേക്ക് ടിക്കറ്റ് വാങ്ങിയവർക്ക് ആ ടിക്കറ്റുകൾ ബിനാലെയുടെ മറ്റേതൊരു ദിവസവും സന്ദർശനത്തിനായി ഉപയോഗിക്കാം. ആദ്യമായി സ്കാൻ ചെയ്യുന്നതുവരെ ഈ ടിക്കറ്റുകൾ ഏത് ദിവസവും ഉപയോഗിക്കാനാകും. ടിക്കറ്റുകൾ കൈമാറ്റം ചെയ്യാനുമാകും.
ബിനാലെയിൽ ഇന്ന്
ഫോർട്ട്കൊച്ചി എബിസി ആർട്ട് റൂം> ‘പ്രതിബിംബം’ ജയസിംഹ ചന്ദ്രശേഖർ നയിക്കുന്ന ലിത്തോഗ്രാഫിക് ശിൽപ്പശാല– രാവിലെ 9.30 മുതൽ പകൽ 12.30 വരെയും 3 മുതൽ വൈകിട്ട് 6 വരെയും.
ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസ്, കയർ ഗോഡൗൺ> കോഫി വിത്തൗട്ട് ക്രീം: ഭാസ്കർ ഹസാരികയുടെ നേതൃത്വത്തിൽ പഞ്ജേരി ആർട്ടിസ്റ്റ് യൂണിയന്റെ അവതരണം– പകൽ 11 മുതൽ വൈകിട്ട് 5വരെ.
ഫോർട്ട്കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവ്, ബിനാലെ പവലിയൻ> നിയമാവർത്തനം: രസ തിയറ്റർ കളക്ടീവിന്റെ പ്രകടനം– രാത്രി 7 മുതൽ.










0 comments