ദേശാഭിമാനി അക്ഷരമുറ്റം ജില്ലാ മെഗാ ഇവന്റ് ഇന്ന്
ആൽമരത്തിൽ ചേക്കേറാം, പാട്ടുമായി കൂട്ടുകൂടാം

കൊച്ചി
ആൽമരം മ്യൂസിക് ബാൻഡ് ഒരുക്കുന്ന മധുര സംഗീതവിരുന്നിന് മറൈൻഡ്രൈവ് ഞായറാഴ്‌ച കാതോർക്കും. ചടുലതാളവും ശബ്ദഘോഷങ്ങളും നിറഞ്ഞ വ്യത്യസ്ത സംഗീതാനുഭവം പകരുന്ന ‘ആൽമരം’ മ്യൂസിക് ബാൻഡ്, ദേശാഭിമാനി അക്ഷരമുറ്റം ജില്ലാ മെഗാ ഇവന്റിലാണ് സംഗീതമഴ പൊഴിക്കുന്നത്. ഞായർ വൈകിട്ട് മറൈൻഡ്രൈവിൽ നടക്കുന്ന ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് വിജയികൾക്കുള്ള സമ്മാനവിതരണച്ചടങ്ങാണ് കലാസ്വാദകർക്ക് മനോഹര സംഗീതരാവൊരുക്കുക. വൈകിട്ട് ആറിനാണ് ആൽമരത്തിന്റെ സംഗീതനിശ.
മധുരഗാനങ്ങളെ തനിമയും മാധുര്യവും നഷ്ടപ്പെടാതെ, ആസ്വാദകര്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയാണ് പാലക്കാട് ചെമ്പൈ മ്യൂസിക് കോളേജിലെ പൂർവവിദ്യാർഥികളായ 11 കലാകാരന്മാർ. ഓരോ വിഭാഗത്തിലും കഴിവുതെളിയിച്ച അജയ്, രോഹിൻ, അക്ഷയ്, പ്രണവ്, പ്രത്യുഷ്, സാരംഗ്, വൈഷ്ണവ്, അൻഷാദ്, ശങ്കർ, ശ്രീഹരി, ലിജു എന്നിവരാണ് ആൽമരത്തിന്റെ നായകർ.
ചടങ്ങിൽ വിശിഷ്ടാതിഥിയായി നടൻ സുധി കോപ്പ എത്തും. ആട് ഒരു ഭീകരജീവിയാണ്, ആട്–2, ഇലവീഴാപൂഞ്ചിറ, ലൗ, ജോസഫ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളിഹൃദയങ്ങളിൽ ചേക്കേറിയ നടനാണ് സുധി കോപ്പ.
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് 14–ാംപതിപ്പ് ജില്ലാ മത്സരവിജയികൾക്കുള്ള സമ്മാനവിതരണം വൈകിട്ട് ആറിന് വ്യവസായമന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് അധ്യക്ഷനാകും.










0 comments