ഫോര്‍ട്ട് കൊച്ചി കോഡര്‍ ഹൗസില്‍ വന്‍ തീപിടിത്തം

ഫോർട്ട് കൊച്ചിയിൽ തീപിടിത്തമുണ്ടായ കോഡർഹൗസ് ഹോട്ടലിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു / ഫോട്ടോ: സുനോജ് നെെനാൻ മാത്യു
മട്ടാഞ്ചേരി
ഫോര്‍ട്ട് കൊച്ചിയിലെ ചരിത്ര പ്രാധാന്യമുള്ള കോഡര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം. ചൊവ്വ വൈകിട്ട് ഏഴേകാലോടെയാണ് സംഭവം. ആളപായമില്ല. രണ്ടുനൂറ്റാണ്ടിലേറെ പഴക്കമുള്ള ഹോട്ടലിന്റെ മുകൾനിലയിലാണ് ആദ്യം തീപിടിച്ചത്. പെട്ടെന്ന് മറ്റിടങ്ങളിലേക്കും ആളിപ്പടര്‍ന്നു. മുകൾനില ഏകദേശം പൂര്‍ണമായും കത്തി. തടികൊണ്ട് നിർമിച്ച മൂന്നുനില കെട്ടിടത്തിന്റെ മറ്റ് നിലകളിലേക്കും തീ ആളിപ്പടരുകയായിരുന്നു.
മുകളില്‍നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ട സമീപത്തെ ഹോട്ടലുകാരാണ് ആദ്യം വിവരം അറിയിച്ചത്. മട്ടാഞ്ചേരി അഗ്നി രക്ഷാനിലയത്തിൽനിന്ന് രണ്ട് യൂണിറ്റ് എത്തിയെങ്കിലും ഇടക്ക് വെള്ളം തീർന്നു. ഇത് തീയണയ്‌ക്കുന്നത് വൈകിച്ചു. പിന്നീട് ക്ലബ് റോഡ്, ഗാന്ധിനഗര്‍, തൃക്കാക്കര, അരൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള യൂണിറ്റുകള്‍ക്ക് പുറമേ നാവിക, തീരരക്ഷാസേനകളുടെ യൂണിറ്റുകളും എത്തി. ഒമ്പത് യൂണിറ്റ് രണ്ട് മണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർക്ക് ഹോട്ടലിന്റെ മുന്നിലൂടെ കയറാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.
പിന്നിലൂടെ കയറിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഹോട്ടലില്‍ ഉണ്ടായിരുന്ന രണ്ട് മുംബൈ സ്വദേശികള്‍ പുറത്ത് പോയതിനാല്‍ വന്‍ അപകടം ഒഴിവായി. മറ്റ് മുറികളില്‍ താമസക്കാരുണ്ടായില്ല. തീപിടിത്തമുണ്ടായ ഉടന്‍ ജീവനക്കാരെ ഒഴിപ്പിച്ചു. മുംബൈ സ്വദേശികളുടെ മുറിയില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ കത്തിനശിച്ചു. സമീപത്തെ മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടരാതിരുന്നതും അപകടം കുറച്ചു. ഹോട്ടലിന്റെ മുന്നിലെ മരത്തിലേക്കും തീപടര്‍ന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.









0 comments