ദുർഭരണത്തിന് മറുപടി നൽകാൻ വോട്ടർമാർ

അയ്യപ്പന്‍കാവ് ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി പി കെ ഉസ്‌മാൻ വോട്ട് അഭ്യർഥിക്കുന്നു
കൊച്ചി
അയ്യപ്പൻകാവ് ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി പി കെ ഉസ്‌മാന് വിജയാശംസ നേരുകയാണ് നാട്. പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നു. നാടിന്റെ മനസ്സറിയുന്ന സ്ഥാനാർഥിയെ ജനമൊന്നാകെ സ്വീകരിക്കുകയാണ്. പര്യടനങ്ങളിൽ ഉസ്‌മാനെ ചേർത്തുപിടിക്കുകയാണ് വോട്ടർമാർ.
യുഡിഎഫ് നേതൃത്വത്തിലുള്ള കോർപറേഷൻ ഭരണസമിതിയും സംസ്ഥാന സർക്കാരും അധികാരത്തിലേറിയതിനുപിന്നാലെ നേരിടുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളിലും നാട് നട്ടംതിരിയുന്നുവെന്ന് വ്യക്തമാക്കുകയാണ് വോട്ടർമാരുടെ പ്രതികരണം. സർക്കാരിനും കോർപറേഷൻ ഭരണസമിതിക്കും വോട്ടിലൂടെ മറുപടി നൽകാൻ ഒരുങ്ങുകയാണ് വോട്ടർമാർ. പവർകട്ടും ഡിവിഷനിലെ കുടിവെള്ളക്ഷാമവും വോട്ടർമാർക്കിടയിൽ ചർച്ചയാണ്.
ഡിവിഷനിലെ വ്യാപാരികളെയും കച്ചവടക്കാരെയുമെല്ലാം സ്ഥാനാർഥി നേരിൽക്കണ്ട് വ്യാഴാഴ്‌ച വോട്ട് അഭ്യർഭിച്ചു. മേത്തർ ബസാറിലും കൊളുത്തറ ബസാറിലും ബ്രോഡ്‌വേയിലുമാണ് ഡിവിഷനിലെ കച്ചവടക്കാർ ഭൂരിഭാഗവും കച്ചവടം നടത്തുന്നത്. നേരിടുന്ന പ്രയാസങ്ങളെല്ലാം സ്ഥാനാർഥിയോട് അവർ പങ്കുവച്ചു.
ഏറെയും പറഞ്ഞത് പവർകട്ടിനെ തുടർന്ന് നേരിടുന്ന പ്രതിസന്ധിയെ കുറിച്ചായിരുന്നു. രാത്രിയാണ് കച്ചവടം കൂടുതലും നടക്കുന്നത്.
ആ സമയത്ത് കറന്റ് പോകുന്നു. ഒന്നും രണ്ടും മൂന്നും തവണയുമെല്ലാം പോവുകയാണ്. ഇതോടെ ആളുകൾ കടയിൽ കയറാൻ മടിക്കുകയാണ്. ഇതോടെ കച്ചവടം മോശമായി. പവർകട്ട് പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല– കച്ചവടക്കാർ പറഞ്ഞു.









0 comments