യുഡിഎഫ് സർക്കാർ ബിജെപിയുടെ കോടാലിക്കൈ: എ വിജയരാഘവൻ

സിപിഐ എം വിപുലീകൃത ജില്ലാകമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നവർ
തൃപ്പൂണിത്തുറ
കേരളത്തിന്റെ മതനിരപേക്ഷത തകർക്കാൻ പ്രവർത്തിക്കുന്ന ബിജെപിയുടെ കോടാലിക്കൈയായി യുഡിഎഫ് സർക്കാർ മാറിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. കേരളത്തിൽ ഭരണം പിടിക്കുക എന്ന ബിജെപിയുടെ ലക്ഷ്യത്തിലേക്കുള്ള സഹായിയും വഴികാട്ടിയുമാണ് യുഡിഎഫ്. അതിനുള്ള രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുന്നതോടൊപ്പം ആർഎസ്‌എസിന്റെ അജൻഡകൾ പ്രാവർത്തികമാക്കാൻ പൂർണസംരക്ഷണവും ഒരുക്കുകയാണ്. ആർഎസ്‌എസിന് കീഴ്‌പ്പെട്ടാണ് യുഡിഎഫിന്റെ ഭരണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ എം എറണാകുളം വിപുലീകൃത ജില്ലാകമ്മിറ്റി യോഗം ഉദ്‌ഘാടനം ചെയ്യുകയായിര-ുന്നു അദ്ദേഹം.
മുഖ്യമന്ത്രി വി ഡി സതീശൻ വർഗീയതയുടെ കോ– ഓർഡിനേറ്ററായി മാറി. എല്ലാത്തരം വർഗീയതയേയും ഏകോപിപ്പിച്ചുകൊണ്ടുപോകുകയാണ്. വർഗീയതകളെ സംയോജിപ്പിക്കുന്ന മുന്നണിയായി യുഡിഎഫ്. അപകടകരമായ നിലപാടാണ് യുഡിഎഫ് സർക്കാരിന്റേത്. അധികാരത്തെ ഉപയോഗിച്ച് സിപിഐ എമ്മിനെ വേട്ടയാടുന്നു. സിപിഐ എമ്മിനെ തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ പരിശ്രമങ്ങളിൽ പങ്കാളിയാകുന്നു. ഇതിന്റെ ഭാഗമായാണ് പിണറായി വിജയനെ വീണ്ടും വേട്ടയാടുന്നത്. സിപിഐ എമ്മിനെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും.
കേരളത്തിൽ അഴിമതി പുനഃസ്ഥാപിക്കുകയാണ് യുഡിഎഫ് സർക്കാർ. മുഖ്യമന്ത്രിക്ക് സുതാര്യതയില്ല. ഹെലികോപ്‌ടർ യാത്രയുടെ സ്‌പോൺസർ ആരെന്ന് വെളിപ്പെടുത്തുന്നില്ല. ആകാശയാത്രയും വിദേശപര്യടനവും ദേശാടനവുമാണ് സർക്കാരിന്റെ മുഖമുദ്ര. അവരുടെ ഭരണത്തിൽ വളർച്ചയല്ല, തളർച്ചയാണ് കേരളത്തിനുണ്ടാകുക. കേരളത്തിൽ സിപിഐ എമ്മിന് ശക്തമായ ബഹുജന അടിത്തറയുണ്ട്. ജനഹൃദയങ്ങളിൽനിന്ന് സിപിഐ എമ്മിനെ പറിച്ചെറിയാൻ കഴിയില്ലെന്ന് തദ്ദേശ ഉപതെരഞ്ഞെടുപ്പിലൂടെ വ്യക്തമായി. ഉപതെരഞ്ഞെടുപ്പുഫലം നല്ല അടയാളമാണെന്നും വിജയരാഘവൻ പറഞ്ഞു.









0 comments