ആദിവാസി ഉന്നതിയിലേക്കുള്ള വഴിയടച്ചു
ചാലിങ്കാല്‍ ടോള്‍പ്ലാസയില്‍ പുനരാരംഭിച്ച നിര്‍മാണപ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു

കലക്ടറുടെ സാന്നിധ്യത്തിലെടുത്ത തീരുമാനം ലംഘിച്ച് ചാലിങ്കാല്‍ ടോള്‍പ്ലാസയുടെ വേ നിര്‍മാണം പുനരാരംഭിച്ച വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ടോള്‍ പ്ലാസയില്‍ എത്തി പ്രതിഷേധിക്കുന്നു

സ്വന്തം ലേഖകൻ
Published on Oct 02, 2026, 01:30 AM | 1 min read
പെരിയ
ചാലിങ്കാല്‍ ടോള്‍പ്ലാസയില്‍ ആദിവാസി ഉന്നതിയിലേക്കുള്ള വഴിയടച്ചുകൊണ്ട് ദേശീയപാത കരരാര്‍ കന്പനിയായ ‘മേഘ’ ആരംഭിച്ച നിര്‍മാണപ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് നാട്ടുകാര്‍ ടോള്‍പ്ലാസയിലേക്ക് എത്തി പ്രതിഷേധിക്കുകയും പ്രവൃത്തി തടയുകയും ചെയ്തത്. ചാലിങ്കാലിലെ എണ്ണപ്പാറ ആദിവാസി ഉന്നതിയിലേക്കുള്ള സഞ്ചാരമാര്‍ഗം അടച്ചുകൊണ്ട് ടോള്‍ പ്ലാസയുടെ വേ ബ്രിഡ്ജ് നിര്‍മിക്കുന്നതിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. വേ ബ്രിഡ്ജ് നിര്‍മാണത്തോട് എതിര്‍പ്പില്ലെന്നും എന്നാല്‍ അത് അന്പതോളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാകരുതെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വേ ബ്രിഡ്ജിന്റെ നിര്‍മാണം നേരത്തെ നാട്ടുകാര്‍ തടയുകയും ആദിവാസി ഉന്നതിയിലേക്ക് പോകാന്‍ വഴിയൊരുക്കാതെ നിര്‍മാണം അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പ്രവൃത്തി താല്‍ക്കാലികമായി നിര്‍ത്തി. ആദിവാസി ക്ഷേമസമിതി നേതാക്കളും സ്ഥലം സന്ദര്‍ശിച്ച് ഉന്നതിയിലേക്കുള്ള വഴി അടച്ചുള്ള നിര്‍മാണം അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ബുധനാഴ്ച കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ചാലിങ്കാലിലെ ടോള്‍ പ്ലാസ വിഷയവും ചര്‍ച്ചക്ക് വന്നിരുന്നു. എംപി, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍ മേഘയുടെ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടിപ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ ചാലിങ്കാല്‍ എണ്ണപ്പാറ ഉന്നതിയിലേക്കുള്ള വഴിയൊരുക്കിയശേഷം മാത്രമേ വേ നിര്‍മാണം നടത്താന്‍ പാടുള്ളൂവെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കലക്ടറുടെ സാന്നിധ്യത്തിലെടുത്ത തീരുമാനം ലംഘിച്ചുകൊണ്ട് ബുധനാഴ്ച രാവിലെ വേ ബ്രിഡ്ജ് നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിക്കുകയായിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി വീണ്ടും രംഗത്തുവന്നത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അന്പലത്തറ പൊലീസും സ്ഥലത്തെത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ സോയ, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ സബിത, പഞ്ചായത്തിലെ മറ്റ് ജനപ്രതിനിധികള്‍ എന്നിവരും സിപിഐ എം ചാലിങ്കാല്‍ ലോക്കല്‍ സെക്രട്ടറി ഷാജി എടമുണ്ട ഉള്‍പ്പെടെ വിവിധ രാഷ്ട്രീയപാര്‍ട്ടിപ്രതിനിധികളും ടോള്‍പ്ലാസയിലെത്തി ആദിവാസി ഉന്നതിയിലേക്കുള്ള വഴി തടസപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു. ഒടുവില്‍ ചാലിങ്കാലിലെ ജമാ അത്ത് പള്ളിക്ക് സമീപത്തുകൂടി എണ്ണപ്പാറ ഉന്നതിയിലേക്ക് വഴിയൊരുക്കാമെന്നും അതിനുശേഷം മാത്രമേ വേ നിര്‍മാണം പുനരാരംഭിക്കൂവെന്നും മേഘ കന്പനി ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.









0 comments