Deshabhimani

ജില്ലയിലെ 14 എസ്ഡിസികളും പൂട്ടി, 54 ജീവനക്കാർ വഴിയാധാരം

തൊഴിൽ പഠനത്തിനും 
ചരമഗീതംപാടി സർക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Oct 14, 2026, 01:30 AM | 2 min read

കാസർകോട്‌

വിദ്യാർഥികൾക്കും യുവജനങ്ങൾക്കും വിദേശത്തടക്കം തൊഴിൽ ഉറപ്പാക്കുന്നതിന്‌ എൽഡിഎഫ്‌ സർക്കാർ ആരംഭിച്ച എസ്ഡിസി (സ്കിൽ ഡവലപ്മെന്റ് സെന്ററുകൾ)ക്ക്‌ യുഡിഎഫ്‌ സർക്കാർ പൂട്ടിട്ടു. ജില്ലയിലെ 14 കേന്ദ്രങ്ങളുടെയും പ്രവർത്തനം നിലച്ചു. കരാറടിസ്ഥാനത്തിൽ ജോലിചെയ്‌ത കോ–ഓഡിനേറ്റർമാർ, ട്രെയിനർ, അസിസ്റ്റന്റുകൾ ഉൾപ്പെടെയുള്ള ജില്ലയിലെ 54 ജീവനക്കാരെയും പെരുവഴിയിലാക്കി. പ്രയോഗിക പരിശീലനത്തിനായി സ്ഥാപിച്ച കോടിക്കണക്കിന്‌ രൂപയുടെ ലാബ്‌ ഉപകരണങ്ങളും നശിക്കുകയാണ്‌. ​ ഇലക്‌ട്രിക്‌ സ്‌കൂട്ടർ, റോബോട്ടിക്‌ ലാബ്‌, നിർമിത ബുദ്ധി (എഐ) ലാബ്‌, കോസ്‌മറ്റോളജി ലാബ്‌, അനിമേഷൻ ലാബ്‌, വീതം സിസിടിവി, ഡ്രോൺ ലാബുകൾ, ത്രി ഡി ലാബ്‌, ഡ്രോൺ ലാബ്‌, ഫിറ്റ്‌നസ്‌ കേന്ദ്രങ്ങൾ, കംപ്യൂട്ടർ തുടങ്ങിയവയാണ്‌ നശിക്കുന്നത്‌. ആദ്യബാച്ചിൽ ജില്ലയിൽനിന്ന്‌ 550 പേർ വിജയകരമായി പരിശീലനം പൂർത്തിയാക്കിയ പദ്ധതിക്കാണ്‌ യുഡിഎഫ്‌ ചരമഗീതം പാടിയത്‌. സംസ്ഥാനത്തൊട്ടാകെ 210 തൊഴിൽ നൈപുണി കേന്ദ്രങ്ങളായിരുന്നു എൽഡിഎഫ്‌ സർക്കാർ ആരംഭിച്ചത്‌. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള (എസ്‌എസ്‌കെ) വഴിയാണ്‌ പദ്ധതി നടപ്പാക്കിയത്‌. സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിലായി എസ്ഡിസി സ്ഥാപിച്ചു. അതാത്‌ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർക്ക്‌ എസ്ഡിസിയുടെ അധിക ചുമതല നൽകി. ഒരു എസ്‌ഡിസിയിൽ രണ്ടു ബാച്ച്‌ എന്ന കണക്കിൽ ജില്ലയിൽ ആകെ 28 നൈപുണി പരിശീലന ബാച്ചുകളാണുണ്ടായിരുന്നത്‌. ഓരോ ബാച്ചിലും 25 പേർക്കായിരുന്നു പ്രവേശനം. പരിശീലനത്തിനടക്കം ഒരു ബാച്ച്‌ തീരുംവരെ സെന്ററിന്‌ 21.5 ലക്ഷം രൂപവീതവും അന്ന്‌ അനുവദിച്ചിരുന്നു. ജില്ലയിലാകെ മൂന്നുകോടിയിലധികം രൂപയാണ്‌ ചെലവിട്ടത്‌. ഫിറ്റ്നസ് ട്രെയിനർ, ടെലികോം ടെക്നിഷ്യൻ, എഐ ഡിവൈസസ് ഇൻസ്റ്റലേഷൻ ഓപ്പറേറ്റർ, ഡ്രോൺ സർവീസ്, കിസാൻ ഡ്രോൺ ഓപ്പറേറ്റർ, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നിഷ്യൻ തുടങ്ങിയ കോഴ്‌കുകളാണ്‌ പരിശീലിപ്പിച്ചിരുന്നത്‌. സ്വകാര്യ പരിശീലന കേന്ദ്രങ്ങളിൽ പതിനായിരങ്ങൾ ഇ‍ൗടാക്കുന്ന കോഴ്‌സുകളാണ്‌ സ‍ൗജന്യമായി ലഭ്യമാക്കിയത്‌. ഇതിലൂടെ നിരവധിപേർ വിദേശത്തടക്കം ജോലി നേടി. കോഴ്‌സ്‌ നിലച്ചതറിഞ്ഞ്‌ വിദ്യാർഥികളും നിരാശരാണ്‌.


ചോദിക്കാനും പറയാനും 
ആരുമില്ലാത്തവരായി കോ–ഓഡിനേറ്റർമാർ

പദ്ധതിയുടെ ചുമതലയിൽ സംസ്ഥാനതലത്തിൽ ഡെപ്യൂട്ടേഷനിലാണ്‌ പ്രധാന ഉദ്യോഗസ്ഥർ പലരും പ്രവർത്തിച്ചിരുന്നത്‌. ഭരണംമാറിയതോടെ ഇവരെ മാറ്റി. ഇപ്പോൾ പ്രശ്‌നങ്ങൾ ആരോടും ചോദിക്കാനും പറയാനും പറ്റാത്ത അവസ്ഥയാണെന്ന്‌ കോ–ഓഡിനേറ്റർമാർ പറയുന്നു. ഇവർ സ്വന്തം നിലയ്‌ക്ക്‌ മന്ത്രിമാരുടെയടുത്ത്‌ പരാതി എത്തിച്ചു. ഫയൽ എത്തിയില്ല എന്നാണ്‌ മറുപടി കിട്ടിയത്‌. ബന്ധപ്പെട്ട സെക്‌ഷനിൽ അന്വേഷിക്കുമ്പോൾ ഫയൽ കൈമാറി എന്നും പറയുന്നു. തീരുമാനം വ്യക്തമാക്കാത്തതിനാൽ ഒരു ജോലിയുമില്ലാത്ത അവസ്ഥയാണിവർക്ക്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home