സംസ്ഥാന സ്കൂൾ ഗെയിംസ് സമാപിച്ചു
കബഡിയിൽ കാസർകോട് തന്നെ

സംസ്ഥാന സ്കൂൾ ഗെയിംസ് സീനിയർ കബഡിയിൽ സ്വർണംനേടിയ കാസർകോട് ജില്ലാ ടീം
തൃക്കരിപ്പൂർ
സംസ്ഥാന സ്കൂൾ ഗെയിംസിന് തിരശീല വീഴുമ്പോൾ ആതിഥേയ കാസർകോടിന് കബഡിയിൽ ആധിപത്യം. സമാപന ദിവസം സീനിയർ ബോയ്സ് കിരീടം ഉൾപ്പടെ നേടിയാണ് അപൂർവ നേട്ടം സ്വന്തമാക്കിയത്. സബ് ജൂനിയർ ആൺ, പെൺ, ജൂനിയർ ആൺ, സീനിയർ ആൺ എന്നീ വിഭാഗങ്ങളിലായി മൂന്ന് സ്വർണവും 30 പോയിന്റും നേടിയാണ് ജില്ലയുടെ അപ്രമാദിത്വം. സീനിയർ ബോയ്സ് വിഭാഗത്തിൽ 24 നെതിരേ 61 പോയിന്റുകൾ നേടിയാണ് ആതിഥേയർ കോഴിക്കോടിനെ തോൽപ്പിച്ചത്. കോഴിക്കോട് ഒരു സ്വർണവും രണ്ട് വെള്ളിയും നേടി 22 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. നായന്മാർമൂല തൻബീഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിലെ എം ശ്രീരാഗാണ് ബെസ്റ്റ് പ്ലെയർ. കോഴിക്കോട് പേരാമ്പ്ര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഡി എൽ ഹരിദേവാണ് ഭാവി വാഗ്ദാനം. ലൂസേഴ്സ് ഫൈനലിൽ മലപ്പുറം കൊല്ലത്തെ പരാജയപ്പെടുത്തി. സീനിയർ ഗേൾസിൽ തൃശൂർ കപ്പിൽ മുത്തമിട്ടു. കോഴിക്കോടിനെയാണ് (53–31) അവർ തോൽപ്പിച്ചത്. തൃശൂർ പഴഞ്ഞിയിലെ കെ എസ് സാന്ദ്രയാണ് മികച്ച കളിക്കാരി. കോഴിക്കോട് മടപ്പള്ളി ഗവ. വിഎച്ച്എസ്എസിലെ പി എം ഫാത്തിമത്ത് നൂറയാണ് പ്രോമിസിങ് താരം. ലൂസേഴ്സ് ഫൈനലിൽ കൊല്ലം മലപ്പുറത്തെ തോൽപ്പിച്ചു (36–34). സെപക് താക്രോയിൽ രണ്ട് വെള്ളിമെഡൽ നേടിയ (12പോയിന്റ്) പാലക്കാടാണ് ഒന്നാമത്. ഓരോ സ്വർണം വീതം നേടിയ തൃശൂർ, എറണാകുളം ജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു. ടെന്നിക്കോയിൽ രണ്ട് സ്വർണം നേടി കോഴിക്കോട് ഒന്നാമതെത്തി. കാസർകോടും കൊല്ലവും രണ്ടാംസ്ഥാനം പങ്കുവച്ചു. സമാപനം സന്ദീപ് വാര്യർ എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സാജിദ സഫറുല്ല അധ്യക്ഷയായി പ്രിൻസിപ്പൽ ഡോ. രൂപേഷ് മെർവിൻ, വി കെ രാജേഷ്, പ്രധാനാധ്യാപിക ഇ കെ ബൈജ എന്നിവർ സംസാരിച്ചു.









0 comments