ടാറിന്റെ വിലക്കയറ്റം
റോഡ് നിർമാണം പ്രതിസന്ധിയിൽ


സ്വന്തം ലേഖകൻ
Published on Oct 02, 2026, 01:30 AM | 1 min read
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്
ടാറിന്റെ വിലക്കയറ്റം കാരണം റോഡ് നിർമാണ പ്രവൃത്തികൾ അനിശ്ചിതത്വത്തിൽ. പശ്ചിമേഷ്യൻ സംഘർഷത്തെതുടർന്ന് ടാർ ഉൽപന്നങ്ങൾക്കുണ്ടായ അമിത വിലക്കയറ്റം കാരണം കഴിഞ്ഞ സാമ്പത്തിക വർഷാവസാനം തദ്ദേശ സ്ഥാപനങ്ങൾ ടെണ്ടർചെയ്ത റോഡ് പ്രവൃത്തികൾ ചെയ്‌ത് തീർക്കാവാതെ സംസ്ഥാനത്തെ സർക്കാർ കരാറുകാർ. മഴക്കാലത്തെ റോഡുതകർച്ച തടയാൻ ലക്ഷ്യമിട്ടാണ് റീ-ടാറിങ് നടത്തി നവീകരിക്കാൻ കരാറായത്. ഒരു ബാരൽ ടാറിന് 8,600 രൂപയുണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ 16,000 രൂപയ്ക്ക് മുകളിലായി. ഈ സാഹചര്യത്തിൽ വിലവർധനവിന് ആനുപാതികമായി തുക വർധിപ്പിച്ചു നൽകണമെന്ന് കരാറുകാർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായില്ല. തുക വർധിപ്പിച്ചു നൽകിയാലും മഴക്കാലത്തിന് മുന്പായി റോഡ് പണി പൂർത്തിയാക്കാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ. നിലവിൽ അറ്റകുറ്റപ്പണിക്കായി അനുവദിച്ച തുക ഉപയോഗിച്ച് കുഴികൾ അടയ്ക്കുന്ന ജോലികൾമാത്രമാണ് നടക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നു. ഒരു ബാരലിന് 8000 രൂപയുണ്ടായിരുന്ന ടാറിന് ഇപ്പോൾ 15000രൂപയായി. പൊതുമരാമത്ത് വകുപ്പിലെ റോഡ് ടാറിങ് പ്രവൃത്തികൾക്ക് അധിക വില കരാറുകാർക്ക് നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി ഉറപ്പ് നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ തദ്ദേശ മന്ത്രിയെ സന്ദർശിച്ച കരാറുകാരുടെ സംഘടന പ്രതിനിധികളോട് അടിയന്തരമായി ടാറിന്റെ പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നുവെങ്കിലും ഇതുവരെ ഉത്തരവിറങ്ങാത്തത് റോഡ് പ്രവൃത്തികൾ അനിശ്ചിതത്വത്തിലാക്കി. വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപ്പെട്ട് പ്രശ്നം പരിഹരിക്കണമെന്ന് കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ വി ശ്രീധരൻ ആവശ്യപ്പെട്ടു.









0 comments