Deshabhimani

ഒക്കൽ ഉത്സവം

ഓർമയിലെ മായാത്ത കൃഷിക്കാഴ്‌ച

നെൽക്കറ്റകൾ മെതിക്കാൻ കാളകളെ ഉപയോഗിച്ച് നടത്തിയിരുന്ന ഒക്കൽ

നെൽക്കറ്റകൾ മെതിക്കാൻ കാളകളെ ഉപയോഗിച്ച് നടത്തിയിരുന്ന ഒക്കൽ

avatar
പി പ്രകാശൻ ​

Published on Sep 16, 2026, 02:00 AM | 2 min read

കാസർകോട്‌

വയലുകളിൽ കൊയ്‌ത്തു കഴിഞ്ഞാൽ നെൽക്കറ്റകൾ മെതിക്കാൻ പോയകാലത്ത്‌ കർഷകർ ചെയ്‌തുവന്ന ഒക്കൽ ഉത്സവം ഇനി മടങ്ങിവരാത്ത കൃഷികാഴ്‌ചകളിലൊന്ന്‌. കൊയ്‌ത്തുകാലം അന്ന്‌ ഗ്രാമങ്ങൾക്ക്‌ ഉത്സവമായിരുന്നു. കൊയ്‌തെടുക്കുന്ന നെൽക്കതിർ കറ്റകളാക്കി തലച്ചുമടായി വീടുകളിലെക്കും. ഇവ മെതിച്ച്‌ നെല്ല്‌ വേർതിരിച്ചെടുക്കുകയാണ്‌ അടുത്ത ജോലി. നെൽക്കറ്റകൾ കുറവാണെങ്കിൽ തൊഴിലാളികൾ വീട്ടുമുറ്റത്തെ കളത്തിൽനിന്ന്‌ ചവിട്ടി മെതിക്കും. കറ്റകൾ കൈയിലെടുത്ത്‌ മരപ്പലകയിലോ കല്ലിലോ ശക്തിയായി അടിച്ച്‌ നെല്ല്‌ വേർതിരിക്കുന്നതാണ്‌ മറ്റൊരു രീതി. എന്നാൽ കൂടുതൽ അളവിൽ നെൽക്കറ്റകൾ ഉള്ളപ്പോൾ അവ വേഗത്തിൽ മെതിച്ചെടുക്കാൻ ഉപയോഗിച്ചിരുന്ന രീതിയാണ്‌ കാളകളെ ഉപയോഗിച്ചുള്ള ഒക്കൽ. ഇതിനായി വീടിനുമുന്നിലെ ചാണകം മെഴുകിയ കളം പ്രത്യേക രീതിയിൽ ഒരുക്കും. ഒക്കുകളം എന്നാണ്‌ ഇവ അറിയപ്പെടുക. കളത്തിന്റെ മധ്യത്തിൽ നിശ്‌ചിത അകലത്തിൽ രണ്ടിടത്തായി വലിയ മരക്കുറ്റി സ്ഥാപിക്കും. കൊയ്‌തെടുത്ത്‌ കൊണ്ടുവന്ന നെൽക്കറ്റകൾ കെട്ടഴിച്ച്‌ ഇ‍ൗ കുറ്റിക്ക്‌ ചുറ്റുമായി കൂട്ടിയിടും. തുടർന്ന്‌ കാളകളെ പരസ്‌പരം കയറുകൊണ്ട്‌ കെട്ടിയശേഷം ചൂരൽ വളയം ഉപയോഗിച്ച്‌ കുറ്റിയിൽ ബന്ധിക്കും. നാല്‌ കാളകളെയാണ്‌ സാധാരണ ഉപയോഗിക്കുക. കാളകളെ കറ്റക്കൂനയ്‌ക്ക്‌ മുകളിലൂടെ മരക്കുറ്റിക്കും ചുറ്റും വൃത്താകൃതിയിൽ നടത്തിക്കുകയാണ്‌ ചെയ്യുക. കാളകളുടെ കുളന്പുകൾ കറ്റകളിൽ നിരന്തരം അമരുന്പേോൾ വൈക്കോലിൽനിന്ന്‌ നെല്ല്‌ വേർതിരിയും. കാളകളെ പിറകിൽനിന്ന്‌ നിയന്ത്രിക്കുന്ന കർഷകന്റെ ഇ‍ൗണത്തിലുള്ള പാട്ടും കുരവയും നാടിന്‌ ആരവം പകരുന്ന കാഴ്‌ച. അയൽവാസികളായ കർഷകരും കുട്ടികളും ഇ‍ൗ വേളയിൽ ഒത്തുകൂടി സഹായത്തിനുണ്ടാവും. ഒരു നിശ്‌ചിത സമയം കഴിഞ്ഞാൽ കാളകളെ രണ്ടാമത്തെ മരക്കുറ്റിയിലേക്ക്‌ മാറ്റും. അവിടെയും മുൻകൂട്ടി കറ്റകൾ കൂട്ടിയിട്ടുണ്ടാവും. ആദ്യത്തെ കുറ്റിക്കുചുറ്റുമുള്ള മെതിഞ്ഞ കറ്റകൾ ഒന്നുകൂടി ഇളക്കിയെടുത്ത്‌ വിതറും. വീണ്ടും കാളകളെ ഇ‍ൗ കുറ്റിയിൽ ബന്ധിച്ച്‌ മെതി ആവർത്തിക്കും. മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യുന്പോഴേക്കും നെല്ല്‌ വേർതിരിഞ്ഞിട്ടുണ്ടാവും. കാളകൾക്ക്‌ ചൂടിൽനിന്ന്‌ ആശ്വാസം പകരാൻ വൈകിട്ട്‌ ആറിന്‌ ശേഷമോ പുലർച്ചെ നാല്‌ മുതലോ ആവും ഒക്കൽ നടത്തുക. വൈകിട്ട്‌ ആരംഭിച്ചാൽ രാത്രി 11 വരെ നീളും. പുലർച്ചെയാണെങ്കിൽ രാവിലെ 7.30 – 8നു മുന്പായി അവസാനിക്കും. ​മെതി പൂർത്തിയായാൽ വൈക്കോൽ കുടഞ്ഞെടുത്ത്‌ നെല്ല്‌ വേർതിരിക്കുകയാണ്‌ ശ്രമകരമായ ജോലി. ഒരു തവണ ഒക്കൽ പൂർത്തിയായാൽ 100 പറ നെല്ല്‌ വേർതിരിച്ചെടുക്കാൻ കഴിയുമെന്ന്‌ പഴയകാല കർഷകർ പറയുന്നു. കാലക്രമേണ നെൽകൃഷി കുറഞ്ഞതും മെതിയന്ത്രത്തിന്റെ വരവും ഒക്കൽ ഉത്സവത്തെ തീർത്തും ഇല്ലാതാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home