Deshabhimani

യുഡിഎഫിന്റെ നൂറുദിന തട്ടിപ്പ്‌

എൽഡിഎഫ്‌ കാലത്ത്‌ 
പൂർത്തിയാക്കിയവയും നേട്ടമാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Oct 13, 2026, 01:30 AM | 1 min read

കാസർകോട്‌

ജില്ലയിൽ എൽഡിഎഫ്‌ സർക്കാർ പൂർത്തീകരിച്ച പദ്ധതികൾ പലതും യുഡിഎഫ്‌ സർക്കാരിന്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി സ്വന്തം നേട്ടമാക്കി. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ പൂർത്തിയായതാണ്‌ മടിക്കൈ ചെരണത്തല പാലം. ഇത്‌ മാസങ്ങൾക്ക്‌ മുന്നേ ഉദ്‌ഘാടനത്തിന്‌ സജ്ജമായി. മടിക്കൈ പഞ്ചായത്തിലെ ചെരണത്തല പ്രദേശത്തെ കിനാനൂർ കരിന്തളം പഞ്ചായത്തിലെ ചായ്യോത്ത് റോഡുമായി ബന്ധിപ്പിക്കുന്ന പാലമാണിത്‌. 10 കോടി രൂപ ചെലവിലാണ്‌ മാനൂരി ചാലിൽ അത്യാധുനിക രീതിയിലുള്ള പാലവും അനുബന്ധ റോഡും മാസങ്ങൾക്ക്‌ മുന്നേ പൂർത്തിയാക്കിയത്‌. കയ്യൂർ റോഡിനെ എരിക്കുളം, പൂത്തക്കാൽ, അമ്പലത്തുകരവഴി ബന്ധിപ്പിച്ച് സമാന്തര പാതയൊരുക്കാനുതകുന്നതാണ് പാലം. മടിക്കൈ അന്പലത്തുകരയിലെ ടി എസ്‌ തിരുമുന്പ്‌ സാംസ്‌കാരിക സമുച്ചയവും എൽഡിഎഫ്‌ ഭരണകാലത്ത്‌ പൂർത്തിയായതാണ്‌. 3.77 ഏക്കര്‍ സ്ഥലത്താണ് ഓപ്പണ്‍ എയര്‍ തിയറ്ററടക്കം അഞ്ച് കെട്ടിടങ്ങളോട് കൂടിയ സാംസ്‌കാരിക സമുച്ചയം കിഫ്ബി ധനസഹായത്തോടെ 52 കോടി രൂപ ചിലവിൽ നിർമാണം പൂർത്തിയാക്കിയത്‌. സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള സമുച്ചയത്തിന്റെ എല്ലാ നിർമാണവും പൂർത്തിയായി. ഉദ്യോഗസ്ഥതലത്തിലുണ്ടായ പിടിപ്പുകേട്‌ കാരണമാണ്‌ ഇത്‌ തുറന്നുകൊടുക്കാൻ വൈകിയത്‌. കാസർകോട്‌ മണ്ഡലത്തിലെ ഗോസാഡെ– ബെളിഞ്ച റോഡ്‌ നവീകരണം മെയ്‌ 12ന്‌ പൂർത്തീകരിച്ചതായി നൂറുദിന പോർട്ടലിൽ പറയുന്നു. എന്നാൽ ഇതിന്റെ പണി പൂർത്തിയായിട്ടില്ല. കാസർകോട്‌ വികസന പാക്കേജിൽ 29 പദ്ധതികൾ നൂറുദിന പദ്ധതികളിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിൽ പല പദ്ധതികൾക്കും അനുവദിച്ച തുകയോ ചെലവഴിച്ച തുകയോ രേഖപ്പെടുത്തിയിട്ടില്ല. യുഡിഎഫ്‌ സർക്കാർ ജൂലൈ ഒന്നിന്‌ ആരംഭിച്ച നൂറുദിന കർമപദ്ധതി ഇ‍ൗ മാസം ഒന്പതിനാണ്‌ പൂർത്തിയായത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home