Deshabhimani

പകൽ സമയത്തെ വൈദ്യുതി മുടക്കം

ചെറുകിട സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 21, 2026, 01:31 AM | 1 min read


നീലേശ്വരം

ഗതാഗത തടസവും ദേശീയപാത നിർമാണത്തിലെ മെല്ലെപ്പോക്കും കാരണം പ്രതിസന്ധിയിലായ നഗരത്തിലെ ചെറുകിട സംരംഭകർക്ക് പകൽ സമയങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കം സ്ഥാപനങ്ങളുടെ പ്രവർത്തനം താറുമാറാക്കുന്നു. പ്രിന്റിങ് പ്രസ്സുകൾ, അക്ഷയ കേന്ദ്രങ്ങൾ, ജനസേവന കേന്ദ്രങ്ങൾ, ഡിടിപി സെന്ററുകൾ എന്നിവയാണ് വൈദ്യുതി മുടക്കം കാരണം ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത്. ജോലികൾ കൃത്യസമയത്ത് ചെയ്ത് തീർക്കാൻ പറ്റാത്തതു കാരണം ഉപഭോക്താക്കൾ മറ്റിടങ്ങളിലേക്ക് പോവുകയാണ്. ഇതിവരുടെ വരുമാനത്തെ കാര്യമായി ബാധിക്കുകയാണ്‌. ബാങ്ക് വായ്പകളെ ആശ്രയിച്ച് സ്ഥാപനം ആരംഭിച്ച നിരവധി ചെറുപ്പക്കാരായ സംരംഭകരാണ് ജോലി കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കാതെ വരുമാനം കുറഞ്ഞ് തിരിച്ചടവിനായി വലയുന്നത്. ഡിജിറ്റൽ സേവനങ്ങൾക്കും പ്രിന്റിങ് ആവശ്യങ്ങൾക്കുമായി ദിനംപ്രതി നിരവധി ആളുകളാണ് ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്നത്. മണിക്കൂറുകളോളം വൈദ്യുതി നിലയ്ക്കുന്നത് ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുന്നതിനൊപ്പം സ്ഥാപനങ്ങളുടെ വരുമാനത്തെയും സാരമായി ബാധിക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് സേവനം നൽകാനാകാതെ വരുമാനം നിലച്ചതോടെ ബാങ്ക് വായ്പ തിരിച്ചടവും സ്ഥാപനങ്ങളുടെ വാടകയും ജീവനക്കാരുടെ ശമ്പളവും മുടങ്ങുന്ന അവസ്ഥയാണ്. ഓൺലൈൻ അപേക്ഷകൾ അയക്കേണ്ട അക്ഷയ കേന്ദ്രങ്ങളിൽ ജനങ്ങൾ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്നു. ഇത് പലർക്കും ബുദ്ധിമുട്ടാവുന്നു. ഇൻവെർട്ടർ, ജനറേറ്റർ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രിന്റിങ് മെഷീനുകൾ മുഴുവൻ സമയവും പ്രവർത്തിപ്പിക്കുക പ്രായോഗികമല്ല എന്നതും ഇന്ധനച്ചെലവ് വർധിപ്പിക്കുന്നു എന്നതും തിരിച്ചടിയാണ്. പകൽ സമയത്തെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനും മെയിന്റനൻസ് പ്രവൃത്തികൾ രാത്രി സമയങ്ങളിലേക്ക് മാറ്റാനും കെഎസ്ഇബി ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് വ്യാപാരികളും സംരംഭകരും ആവശ്യപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home