രാജ്യത്തെ സംരക്ഷിക്കാൻ പുതിയ തലമുറ മുന്നിട്ടിറങ്ങണം: കെ കെ ശൈലജ

ഇരിയ രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ പുതിയ തലമുറ മുന്നിട്ടിറങ്ങണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു. ഇരിയയിൽ ബാലസംഘം ജില്ലാ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ. ശരിയും തെറ്റും തിരിച്ചറിഞ്ഞുള്ള പ്രവർത്തനം സംഘടിപ്പിക്കുന്നതിൽ കുട്ടികൾ നേതൃത്വമാകണം. സ്കൂളുകളിലും കോളേജുകളിലും രാഷ്ട്രീയംവേണം. ചരിത്രത്തെക്കുറിച്ച് നന്നായി പഠിക്കാനും പ്രതികരിക്കാനും കഴിയുന്ന ഒരു തലമുറയായി മാറണം. കുട്ടികളുടെ മനസിൽ വർഗീയതയുടെ വിഷം കുത്തിനിറക്കാനുള്ള ശ്രമങ്ങൾ ചില ഭാഗങ്ങളിൽ നിന്നുണ്ടാവുന്നുണ്ട്. ഇത് തിരിച്ചറിയാൻ നല്ല ജാഗ്രത വേണം. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി തുലച്ച് കേന്ദ്ര സർക്കാർ നീറ്റ് പരീക്ഷപോലും അട്ടിമറിച്ചു. നിരവധി വിദ്യാർഥികളാണ് ആത്മഹത്യചെയ്തത്. ഇതിനെതിരെ ശക്തമായ സമരം സംഘടിപ്പിച്ചതിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു. രാജ്യത്ത് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിനെതിരെ അതിശക്തമായ സമരമാണ് ഇപ്പോൾ നടക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. വിദ്യാർഥികളും യുവജനങ്ങളുമാണ് മുഖ്യ നേതൃത്വം. ഇടതുപക്ഷവും പോരാട്ടം നയിക്കുകയാണ്. സമരാവശ്യം അംഗീകരിക്കുന്നതുവരെ പോരാട്ടം തുടരും. രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാൻ നാം മുന്നിട്ടിറങ്ങണമെന്നും കെ കെ ശൈലജ പറഞ്ഞു.









0 comments