വഴിമുടക്കി ടോള്‍ പ്ലാസയുടെ വേ ബ്രിഡ്ജ് നിര്‍മാണം
ആദിവാസി കുടുംബങ്ങള്‍ ദുരിതത്തിലാകും

ചാലിങ്കാല്‍ ടോള്‍ പ്ലാസയുമായി ബന്ധപ്പെട്ട വേ ബ്രിഡ്ജ് നിര്‍മാണം തുടങ്ങിയപ്പോള്‍
പെരിയ
ദേശീയപാതയില്‍ ടോള്‍പ്ലാസയുമായി ബന്ധപ്പെട്ട വേ ബ്രിഡ്ജ് നിര്‍മാണം ചാലിങ്കാലിലെ എണ്ണപ്പാറ പ്രദേശത്തെക്കുള്ള വഴി മുടക്കുന്നു. പടിഞ്ഞാറുഭാഗത്ത് ടോള്‍ പ്ലാസ കെട്ടിടത്തോട് ചേര്‍ന്നാണ് വാഹനങ്ങളുടെ ഭാരം നിര്‍ണയിക്കുന്നതിനുള്ള ബ്രിഡ്ജ് നിര്‍മിക്കുന്നത്. ചാലിങ്കാല്‍ മൊട്ടയില്‍ പടിഞ്ഞാറുഭാഗത്ത് ദേശീയപാതയുമായി ബന്ധപ്പെടുന്ന എണ്ണപ്പാറ റോഡിലേക്കുള്ള സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുന്ന വിധത്തിലാണ് നിര്‍മാണം. വേ ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തിയായാല്‍ ചാലിങ്കാല്‍ മൊട്ടയില്‍നിന്ന് എണ്ണപ്പാറയിലേക്കും തിരിച്ചും വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയില്ല. കാല്‍നട യാത്രയും അസാധ്യമാകും. എണ്ണപ്പാറ പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളില്‍ ഭൂരിഭാഗവും ആദിവാസികളാണ്. അന്പതിലേറെ ആദിവാസി കുടുംബങ്ങള്‍ ഇവിടെയുണ്ട്. എണ്ണപ്പാറ റോഡിലൂടെ ചാലിങ്കാല്‍ മൊട്ടയിലെത്തിയാണ് ഇവിടെയുള്ള കുട്ടികൾ സ്കൂളിലേക്ക് പോകുന്നത്. ചാലിങ്കാല്‍ മൊട്ടയിലെ എസ് എന്‍ കോളേജ്, പെരിയ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പെരിയ പോളിടെക്നിക് എന്നിവിടങ്ങളിലേക്ക് പഠനത്തിന് പോകുന്ന കുട്ടികളും എണ്ണപ്പാറയിലുണ്ട്. ഇവര്‍ക്കൊക്കെ എണ്ണപ്പാറ റോഡല്ലാതെ നടന്നുപോകാനും വാഹനങ്ങളില്‍ സഞ്ചരിക്കാനും മറ്റു വഴികളില്ല. എണ്ണപ്പാറയില്‍ താമസിക്കുന്നവര്‍ക്ക് ജോലിക്ക് പോകുന്നതിന് ബസ് കയറാന്‍ പോകേണ്ടത് ചാലിങ്കാല്‍ മൊട്ടയിലേക്കാണ്. അസുഖങ്ങൾ വന്നാല്‍ പ്രദേശവാസികള്‍ കൂടുതലും ആശ്രയിക്കാറുള്ളത് പെരിയ സാമൂഹികാരോഗ്യ കേന്ദ്രത്തെയാണ്. ചാലിങ്കാല്‍ മൊട്ട വഴിയാണ് പെരിയ ആശുപത്രിയിലേക്ക് പോകാറുള്ളത്. വഴി മുടക്കി വേ ബ്രിഡ്ജ് വന്നാല്‍ വാഹനങ്ങളില്‍ ആശുപത്രിയില്‍ പോകാന്‍ കഴിയാതാകും. ഒരു പ്രദേശം പൂര്‍ണമായും പുറം ലോകത്തുനിന്ന് ഒറ്റപ്പെടുന്ന സാഹചര്യമുണ്ടാകും. നാട്ടുകാരുടെ സമരത്തെ തുടര്‍ന്ന് വേ ബ്രിഡ്ജിന്റെ നിര്‍മാണ പ്രവൃത്തി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. എണ്ണപ്പാറയിലേക്കുള്ള റോഡ് തടസപ്പെടുത്താത്ത വിധം വേ ബ്രിഡ്ജ് നിര്‍മിക്കണമെന്നും അല്ലാത്ത പക്ഷം നിര്‍മാണം തടയുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.








0 comments