മത്സ്യമേഖലയിൽ ആഘാതമെന്ന് വിദഗ്ധർ
ജില്ലയിൽ ചെറുമീൻ പിടിത്തം വ്യാപകം

കഴിഞ്ഞ ദിവസം കുമ്പള മത്സ്യഭവനിലെ ഉദ്യോഗസ്ഥർ ചെറുമീനുകളുമായി പിടികൂടിയ തോണി
കാസർകോട്
ജില്ലയിൽ പലയിടത്തും വലിയതോതിൽ ചെറുമീനുകളെ പിടിക്കുന്നത് വ്യാപകമായി. കഴിഞ്ഞ പത്തുദിവസത്തിനിടെമാത്രം നിരവധി മീൻപിടുത്ത യാനങ്ങളാണ് ഫിഷറീസ് അധികൃതർ പിടിച്ചെടുത്തത്. പ്രജനന പ്രായമെത്തുന്നതിനുമുമ്പുതന്നെ ചെറുമീനുകളെ വൻതോതിൽ പിടിച്ചെടുക്കുന്നത് കടലിലെ പുനരുൽപ്പാദനശേഷിയെ സാരമായി ബാധിക്കുമെന്നും ഭാവിയിൽ വൻ മത്സ്യക്ഷാമത്തിന് വഴിവെക്കാനിടയാവുമെന്നും ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ഉൾപ്പെടെ സാരമായി ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു. ചൊവ്വ രാവിലെ കസബ ഹാർബറിൽനിന്നും തളങ്കര ലാൻഡിങ് സെന്ററിൽനിന്നും തോണി നിറയെ ചെറുമത്തിയുമായിവന്ന് വിൽപന നടത്താൻ ശ്രമിച്ച മൂന്ന് തോണികളാണ് പിടിച്ചെടുത്തത്. ഫിഷറീസും- ബേക്കൽ കോസ്റ്റൽ പൊലീസുംചേർന്ന് നടത്തിയ പട്രോളിങ്ങിലായിരുന്നു കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമുളള നടപടി. ശ്രീവിനായക, അപ്പൻ, സി കെ എന്നീ തോണി ഉടമകൾക്കെതിരെയാണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പിഴയിട്ടത്. ഇതിനുമുമ്പ് മടക്കര, കാഞ്ഞങ്ങാട് തീരങ്ങളിൽനിന്ന് തോണികൾ പിടികൂടിയിരുന്നു. മത്സ്യങ്ങൾ പ്രജനനം നടത്തുന്നതിനോ അല്ലെങ്കിൽ പൂർണ വളർച്ചയെത്തുന്നതിനോ മുമ്പ് വലയിലാക്കി കരയ്ക്കെത്തിക്കുന്ന രീതിയാണ് ചെറുമീൻ പിടിത്തം. ഇവയ്ക്ക് വിപണിയിൽ വലിപ്പമുള്ള മീനുകളെപ്പോലെ വില ലഭിക്കാത്തതിനാൽ പ്രധാനമായും വളം നിർമാണത്തിനും കോഴിത്തീറ്റ യൂണിറ്റുകളിലേക്കുമാണ് എത്തിക്കുക. മത്സ്യസമ്പത്ത് ഇല്ലാതാകുന്നതിലുപരിയായി പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ഇത് പ്രതികൂലമായി ബാധിക്കും. വളരാൻ അനുവദിച്ചാൽ വിലമതിക്കുന്ന മത്സ്യസമ്പത്താണ് നിസ്സാരമായി നശിപ്പിക്കപ്പെടുന്നത്. സുസ്ഥിരമായ കടൽ ആവാസവ്യവസ്ഥയുടെ സമതുലിതാവസ്ഥ തകരാനും പ്രവർത്തനം കാരണമാകുന്നു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കെ ശ്രീജേഷിന്റെ നിർദേശപ്രകാരം കുമ്പള മത്സ്യഭവനിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്തിലുള്ള സംഘമാണ് ചൊവ്വാഴ്‌ച നിയമലംഘനം പിടികൂടിയത്. പ്രമീള, പ്രീജിത്ത്, ഒ എ ഉമൈബ, സതീശ, കെ പ്രകാശ്, പ്രശാന്ത്, അനീഷ് കെ ബാലൻ, സന്ദീപ്, പ്രിൻസ് ജോൺ എന്നിവർ സംഘത്തിലുണ്ടായി.
ചെറുമീൻ പിടിത്തവും വിപണനവും ശിക്ഷാർഹം
കടൽ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി കേരള സമുദ്രമത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം ഫിഷറീസ് വകുപ്പ് ഓരോ ഇനം മത്സ്യത്തിനും പിടിച്ചെടുക്കാവുന്ന കുറഞ്ഞ വലിപ്പം നിശ്ചയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, മത്തിക്ക് കുറഞ്ഞത് 10 സെന്റീമീറ്ററും, അയലയ്ക്ക് 14 സെന്റീമീറ്ററും വലിപ്പമെങ്കിലും ഉണ്ടെങ്കിൽ മാത്രമേ പിടിച്ചെടുക്കാൻ അനുമതിയുള്ളൂ. ഈ നിശ്ചിത വലിപ്പത്തിൽ താഴെയുള്ള മീനുകളെ പിടികൂടുന്നതും വിപണനം നടത്തുന്നതും ശിക്ഷാർഹമാണ്.
സി കെ ഷൈനി ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടർ








0 comments