Deshabhimani

നടക്കാവിലെ ജില്ലാ സ്റ്റേഡിയം: 
എംഎല്‍എയുടെ പ്രസ്താവന സത്യവിരുദ്ധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2026, 01:30 AM | 2 min read

കാസർകോട്‌

തൃക്കരിപ്പൂര്‍ നടക്കാവിലെ ജില്ലാ സ്റ്റേഡിയം നിര്‍മാണം സംബന്ധിച്ചും മറ്റും സന്ദീപ് വാര്യര്‍ എംഎല്‍എ നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാടിന്റെ വികസനകാര്യത്തിൽ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതെ വരുന്നതിന്റെ ജാള്യത മറയ്ക്കാന്‍ ബോധപൂര്‍വം നടത്തുന്ന കള്ളപ്രചാരണമാണ് ഇ‍ൗ പ്രസ്താവന. എല്ലാ ജില്ലകളിലും മികച്ച സൗകര്യമുള്ള ആധുനിക സ്റ്റേഡിയം എന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ജില്ലാ സ്റ്റേഡിയം തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നടക്കാവ് വലിയകൊവ്വല്‍ മൈതാനിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 2018ല്‍ ഭരണാനുമതിയും 2020ല്‍ സാങ്കേതികാനുമതിയും ലഭിച്ച പദ്ധതിയുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് 2021ല്‍ വര്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും ചെയ്‌തു. നിര്‍മാണ ഏജന്‍സി കോഴിക്കോട്ടെ മാപ്സ് ഗ്ലോബല്‍ കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡും നിര്‍വഹണ ഏജന്‍സിയായ കിറ്റ്കോയും തമ്മില്‍ കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. അന്നത്തെ കായിക മന്ത്രി ഇ പി ജയരാജന്‍ കല്ലിടൽ നിര്‍വഹിച്ചു. 2025 അവസാനത്തോടെ നിര്‍മാണം പൂര്‍ത്തീകരിക്കുകയും 2026 ഫെബ്രുവരിയില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്‌റ്റേഡിയം നാടിന് സമര്‍പ്പിക്കുകയും ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തിനും ജില്ലയ്ക്കും കായിക മേഖലയ്ക്കും നല്‍കിയ വന്‍വികസന പദ്ധതിയാണ് നടക്കാവിലെ ജില്ലാ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം. ​ഭരണാനുമതി ഘട്ടത്തില്‍ 29.30 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. വിശദമായ ഡിപിആര്‍ തയ്യാറാക്കിയപ്പോള്‍ 31.53 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക. എന്നാല്‍ 28.66 കോടി രൂപയ്ക്കാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്‌. ഒളിമ്പിക്സ് നിലവാരമുള്ള സ്വിമ്മിങ്‌ പൂള്‍, വോളിബോള്‍, കബഡി, ബാസ്ക്കറ്റ്ബോള്‍, ഹാന്‍ഡ് ബോള്‍ തുടങ്ങിയവയ്ക്കുള്ള കോര്‍ട്ടുകള്‍, ടേബിള്‍ ടെന്നീസിനുള്ള സൗകര്യം, നാച്ചുറല്‍ ഫുട്ബോള്‍ ടര്‍ഫ് തുടങ്ങി എല്ലാ സ‍ൗകര്യങ്ങളും സ്റ്റേഡിയത്തിലുണ്ട്‌. മികച്ച സൗകര്യമുള്ള സ്റ്റേഡിയം എല്‍ഡിഎഫ് ഭരണകാലത്ത് പൂര്‍ണസജ്ജമായി എന്ന നേട്ടത്തെ ഇകഴ്ത്തി കാട്ടാന്‍ ബോധപൂര്‍വം എംഎല്‍എ കള്ളപ്രചാരണം നടത്തുകയാണ്. അപാകമോ ക്രമക്കേടോ നടന്നിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. പകരം യുക്തിരഹിതമായ പ്രസ്താവന നടത്തി തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ പറ്റുമോ എന്നാണ് എംഎല്‍എ നോക്കുന്നത്. മന്ത്രി ഒ ജെ ജനീഷിനെതിരെ സംസ്ഥാനത്ത് പല ജില്ലകളിലും കരിങ്കൊടി പ്രകടനം നടന്നിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ജില്ലയിലും പ്രതിഷേധമുയര്‍ന്നത്. എന്നാല്‍ ജില്ലയില്‍ മന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തിന് മാത്രം മറ്റൊരു കാരണം എംഎല്‍എ ഉന്നയിക്കുന്നത് അല്‍പ്പത്തരമാണ്. പൂര്‍ണസജ്ജമായ സ്റ്റേഡിയം തുറന്നുകൊടുത്ത് ഉപയോഗപ്രദമാക്കുന്നതിന് പകരം, എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയത്‌ പെട്ടൊന്നൊന്നും പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്ന സങ്കുചിത രാഷ്ട്രീയമാണ് സന്ദീപ് വാര്യരുടെത്. അതിനാണ് ക്രമക്കേടെന്ന പുകമറയുണ്ടാക്കുന്നത്‌. സ്പോര്‍ട്സ് കൗണ്‍സിലിലെ വിജിലന്‍സ് പരിശോധന പല ജില്ലകളിലും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസിലും ഒരേ ദിവസം നടന്നതാണ്. അതില്‍ പോരായ്മ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അന്വേഷണം തുടരട്ടെ. എം രാജഗോപാലൻ പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home