കാൻസർ പോരാളികളായ കുഞ്ഞുങ്ങൾക്കായി "ഡ്രീംസ് ഓൺ വീൽസ് 2.0'

ശ്രീനിവാസൻ നന്ദഗോപാൽ

അതുൽ ബ്ലാത്തൂർ
Published on Sep 28, 2026, 02:00 AM | 1 min read
കാസർകോട്
സ്വപ്‌നങ്ങളെ ചക്രങ്ങളിലേറ്റി, പ്രതീക്ഷയോടെ കഴിഞ്ഞദിവസം മംഗുളൂരുവിൽനിന്ന് ഒരു മോട്ടോർ സൈക്കിൾ പുറപ്പെട്ടു. ഒരു വർഷംകൊണ്ട് 30,000 കിലോമീറ്റർ താണ്ടുകയെന്നതാണ് ലക്ഷ്യം, ഒരു ഒറ്റയാൾ യാത്ര; കാൻസർ പോരാളികളായ കുഞ്ഞുങ്ങൾക്കുവേണ്ടിയാണിത്. ‘രോഗമുക്തി നേടാനും സ്വപ്നം കാണാനും ഓരോ കുട്ടിക്കും അവസരമുണ്ട്’ എന്നതാണ് ഉയർത്തുന്ന മുദ്രാവാക്യം. ‘ഡ്രീംസ് ഓൺ വീൽസ് 2.0’എന്നാണ് യാത്രയുടെ പേര്. മംഗളൂരുവിൽ ദീർഘകാലം മാധ്യമ പ്രവർത്തകനായിരുന്ന ശ്രീനിവാസൻ നന്ദഗോപാലിന്റെതാണ് ഇൗ രാജ്യസഞ്ചാരം. വിവിധ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന യാത്രയുടെ ഭാഗമായി രാജ്യത്താകമാനം കുട്ടികളിലെ കാൻസറിനെപ്പറ്റി അവബോധം നൽകും. വിവിധ കൂട്ടായ്‌മകൾ സംഘടിപ്പ് സഹായസന്നദ്ധരാക്കും. ക്യാൻസർ ചികിത്സയിലുള്ള കുട്ടികൾക്കായുള്ള ധനസമാഹരണവും പ്രധാന ലക്ഷ്യമായുണ്ട്. യാത്ര ശനിയാഴ്‌ച തുടങ്ങി. തിരുവനന്തപുരം, ചെന്നൈ, ഹൈദരാബാദ്, ഒഡിഷ, പശ്ചിമബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, വടക്കേ ഇന്ത്യ, പടിഞ്ഞാറൻ ഇന്ത്യ, മധ്യ ഇന്ത്യ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച്– ഒടുവിൽ മംഗളൂരുവിൽതന്നെ തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരണം. കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, വ്യക്തിത്വ വികസനം തുടങ്ങിയ മേഖലകളിൽ വിവിധയിടങ്ങളിൽ സംവാദങ്ങളും ക്ലാസുകളും സംഘടിപ്പിക്കും. ശനി പകൽ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തി ക്ലാസെടുത്തു. തുടർന്ന് തലശേരിയിലെ മലബാർ കാൻസർ സെന്ററിലേക്ക് പുറപ്പെട്ടു. കർണാടകയിലുടനീളം 6,500 കിലോമീറ്റർ പിന്നിട്ടതായിരുന്നു ‘ഡ്രീംസ് ഓൺ വീൽസി’ന്റെ ആദ്യ യാത്ര. "2025 നവംബർ മുതൽ 2026 മാർച്ച് വരെ നടത്തിയ യാത്രയിൽ 5,000ലധികം സർക്കാർ സ്കൂൾ വിദ്യാർഥികളിലേക്ക് നന്ദഗോപാൽ തന്റെ ആശയവുമായി എത്തിച്ചേർന്നിരുന്നു. രണ്ടു പതിറ്റാണ്ടുകാലത്തെ മാധ്യമപ്രവർത്തനത്തിൽനിന്ന് സ്വയം വിരമിച്ച ഇദ്ദേഹം വിദ്യാഭ്യാസരംഗത്ത് സജീവമാകാൻ ‘സെന്റർ ഫോർ ഇന്റഗ്രേറ്റഡ് ലേണിങ് (സിഐഎൽ) എന്ന സ്ഥാപനം തുടങ്ങി. നിലവിലെ പ്രവർത്തനം സിഐഎൽ കേന്ദ്രീകരിച്ചാണ്. കുട്ടികളിലെ ക്യാൻസറിനെതിരായ പോരാട്ടം എന്ന ലക്ഷ്യം പൂർത്തിയാക്കുക എന്നതാണ് ഇപ്പോൾ തന്റെ മുന്നിലുള്ള വലിയ കാര്യമെന്നും അദ്ദേഹം പറഞ്ഞു.








0 comments