സർക്കാരിന്റെ 100 ദിന നേട്ടപ്പട്ടികയിലെ തട്ടിപ്പ് പൊളിയുന്നു
പോർട്ടലിൽ ‘റോഡ് സൂപ്പർ’, നിലത്ത് മെറ്റൽക്കൂമ്പാരം

രജിത്ത് കാടകം
Published on Oct 13, 2026, 01:30 AM | 1 min read
നാരമ്പാടി
കണ്ണടച്ച് ഇരുട്ടാക്കുന്ന യുഡിഎഫ് സർക്കാരിന്റെ ‘100 ദിന കർമപരിപാടി' തട്ടിപ്പ് റോഡ് നിർമാണത്തിലും. നിർമാണം പൂർത്തിയായെന്നും നാട്ടുകാർ ഇതിന്റെ നേട്ടം അനുഭവിച്ചു തുടങ്ങിയെന്നും സർക്കാർ ഔദ്യോഗിക പോർട്ടലിൽ കൊട്ടിഘോഷിക്കുമ്പോൾ, നിലത്ത് റോഡുമില്ല യാത്രാസൗകര്യവുമില്ല. പകരം റോഡുപണിക്കായി കരാറുകാരൻ മെറ്റൽ ഇറക്കുന്ന കാഴ്ചയാണിവിടെ. 2025–26 ബജറ്റിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പി എ മുഹമ്മദ് റിയാസ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ അനുവദിച്ച 6 കോടി രൂപയുടെ എപി സർക്കിൾ - ഗോസാഡെ - ബെളിഞ്ചെ റോഡ് നവീകരണ പദ്ധതിയിലാണ് യുഡിഎഫ് സർക്കാർ വൻ പ്രചാരണത്തട്ടിപ്പ് നടത്തുന്നത്. മേയ് 12-ന് റോഡ് നിർമാണം പൂർത്തിയായെന്നും, പ്രദേശത്തെ യാത്രാസൗകര്യം മെച്ചപ്പെട്ട് ഗ്രാമീണ കണക്റ്റിവിറ്റിയും പ്രാദേശിക വ്യാപാരവും കുതിച്ചുയർന്നെന്നുമാണ് സർക്കാരിന്റെ ഔദ്യോഗിക പോർട്ടലിൽ പൊതുമരാമത്ത് വകുപ്പിന്റെ സാക്ഷ്യപത്രം! യാഥാർഥ്യം തീർത്തും വ്യത്യസ്തം. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടുമുമ്പ് നാട്ടുകാരെയോ മറ്റ് ജനപ്രതിനിധികളെയോ അറിയിക്കാതെ കാസർകോട് എംഎൽഎ തട്ടിക്കൂട്ടി ഒരു പ്രവൃത്തി ഉദ്ഘാടനം നടത്തുക മാത്രമാണ്ചെയ്തത്. റോഡിന്റെ ശോച്യാവസ്ഥയ്ക്ക് ഇപ്പോഴും മാറ്റമില്ല. നിലവിൽ റോഡുപണിക്കായി കരാറുകാരൻ മെറ്റൽ കൂട്ടിയിടുന്ന പണികൾ മാത്രമാണ് നടക്കുന്നത്. എൽഡിഎഫ് സർക്കാർ ജനങ്ങൾക്കായി അനുവദിച്ച വികസനപദ്ധതി തങ്ങളുടേതാക്കി മാറ്റാൻ നോക്കുക മാത്രമല്ല, പണി തുടങ്ങുകപോലും ചെയ്യാത്ത റോഡ് ‘പൂർത്തിയായി' എന്ന് രേഖപ്പെടുത്തി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് യുഡിഎഫ് സർക്കാരും ബന്ധപ്പെട്ട വകുപ്പും. കടലാസിൽ പൂർത്തിയായ റോഡിലൂടെ കാൽനടയാത്രപോലും അസാധ്യമായി കിടക്കുന്നതിൽ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.









0 comments