ad
Deshabhimani

ഷൂട്ട്‌ അറ്റ്‌ സൈറ്റ്‌: 
111 കാട്ടുപന്നികളെ കൊന്നു

കാട്ടുപന്നി
വെബ് ഡെസ്ക്

Published on Feb 25, 2026, 03:00 AM | 2 min read

കാസർകോട്‌

നാടിന്‌ ഭീഷണിയായ കാട്ടുപന്നികളെ ഇല്ലാതാക്കാൻ വനം വകുപ്പും തദ്ദേശസ്ഥാപനങ്ങളും പ്രവർത്തനം ഉ‍ൗർജിതമാക്കി. പന്നികൾ ജില്ലയിൽ വ്യാപകമായ കൃഷിനാശമാണ് ഉണ്ടാക്കുന്നത്‌. മനുഷ്യ ജീവനുവരെ ഇത്‌ ഭീഷണിയായി. ജില്ലയിൽ ഇതുവരെ ആക്രമണകാരികളായ 111 കാട്ടുപന്നികളെ വെടിവച്ചു കൊന്നിട്ടുണ്ട്‌. വനം വകുപ്പ്‌ 45 എണ്ണത്തെയും തദ്ദേശ സ്ഥാപനങ്ങൾ 66 എണ്ണത്തെയുമാണ്‌ കൊന്നത്‌. ജില്ലയിൽ 14 പഞ്ചായത്തുകളിലാണ്‌ കാട്ടുപന്നി ശല്യം രൂക്ഷം. ദേലംപാടി, കുറ്റിക്കോൽ, മുളിയാർ, പനത്തടി, കള്ളാർ, കോടോം ബേളൂർ, ബളാൽ‍, ഇ‍ൗസ്‌റ്റ്‌ എളേരി,‍ വെസ്‌റ്റ്‌ എളേരി, മടിക്കൈ, കിനാനൂർ കരിന്തളം, അജാനൂർ, പുല്ലൂർ പെരിയ, കയ്യൂർ ചീമേനി പഞ്ചായത്തുകളിലാണ്‌ പന്നികൾ കൃഷിക്കും മനുഷ്യർക്കും ശല്യമുണ്ടാക്കുന്നത്‌. വനം വകുപ്പിന്റെ മിഷൻ വൈൽഡ്‌ പിഗിന്റെ ഭാഗമായാണ്‌ തദ്ദേശസ്ഥാപനങ്ങളിൽ നാടിന്‌ ഭീഷണിയായ കാട്ടുപന്നികളെ ഇല്ലാതാക്കാനുള്ള പ്രവർത്തനം നടക്കുന്നത്‌. കഴിഞ്ഞ ദിവസം ചായ്യോത്ത്‌ ഒരു വായനശാലയുടെ പരിപാടിക്കിടയിലേക്ക്‌ കാട്ടുപന്നി ഓടിക്കയറി മൂന്നുപേർക്ക്‌ പരിക്കേറ്റിരുന്നു. പന്നിയെ അന്നുരാത്രിതന്നെ ഷൂട്ടർമാരെത്തി വെടിവച്ചുകൊന്നു. വന്യജീവി സംരക്ഷണ നിയമ പ്രകാരം പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയർപേഴ്സൺ എന്നിവർ ഓണററി വൈൽഡ് ലൈഫ് വാർഡൻമാരാണ്‌. പന്നികളെ വെടിവച്ചുകൊല്ലാനായി ജില്ലയിൽ 64 എം പാനൽ ഷൂട്ടർമാരുണ്ടെന്ന്‌ ജില്ലാ വനം മേധാവി എം ജോസ്‌ മാത്യു പറഞ്ഞു. ഷൂട്ടർമാരുടെ പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലുമുണ്ട്‌. വനം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽനിന്നും ഇത്‌ ലഭിക്കും. (www.forest.kerala.gov.in). കാട്ടുപന്നി ശല്യം പഞ്ചായത്ത്‌ അധികൃതരെ അറിയിച്ചാൽ പന്നികളെ വെടിവച്ചു കൊല്ലാനുള്ള നടപടിയുണ്ടാവും. ഓണററി വൈൽഡ് ലൈഫ് വാർഡൻമാരായ തദ്ദേശ സ്ഥാപന അധ്യക്ഷർക്കും അധികാരപ്പെട്ട ഓഫീസർമാർക്കും ജനവാസ കേന്ദ്രങ്ങളിൽ നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ ഉത്തരവ് നൽകാം. കാട്ടുപന്നിയെ വെടിവച്ചു കൊല്ലുന്നതിന്‌ ഷൂട്ടർക്ക് ഓരോ പന്നിക്കും 1500 രൂപ വീതവും ജഡം മറവു ചെയ്യുന്നവർക്ക്‌ 2000 രൂപ വീതവും നൽകുന്നുണ്ട്‌. ഇതിലേയ്ക്ക് ദുരന്ത നിവാരണ ഫണ്ടിൽ നിന്നും ഒരു വർഷം ഒരു ലക്ഷം രൂപ വരെ തദ്ദേശ സ്ഥാപനത്തിന്‌ അനുവദിക്കാം. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ – രണ്ടിൽ ഉൾപ്പെടുന്ന വന്യജീവിയാണ് കാട്ടുപന്നി. ഇതിനെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച്‌ വെടിവച്ചുകൊല്ലാനുള്ള അനുവാദം നൽകണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം ഇതുവരെ പരിഗണിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home