പാലേരിച്ചാലിൽ വന്നു, വിസിബി കം ട്രാക്ടർ വേ

മുന്നാട് പാലേരിച്ചാൽ തോടിന് കുറുകെ കാസർകോട് വികസന പാക്കേജിലുൾപ്പെടുത്തി ചെറുകിട ജലസേചന വിഭാഗം നടപ്പാക്കിയ വിസിബി കം ട്രാക്ടർ വേ പാലം
ഡി വിൻലാൽ
Published on Apr 01, 2026, 02:08 AM | 1 min read
മുന്നാട്
എംഎൽഎ എന്ത് ചെയ്തു? എന്ന ചോദ്യത്തിന് മുന്നാട്ടുകാർക്ക് ഹൃദയത്തിൽനിന്നും ഒരു മറുപടിയുണ്ട്. കാലങ്ങളായുള്ള ഗതാഗത പ്രശ്നത്തിനും ജലക്ഷാമത്തിനും പരിഹാരം കണ്ടു. പാലേരിച്ചാൽ വിസിബി കം ട്രാക്ടർ വേ പൂർത്തിയായി. അനുബന്ധ റോഡ് പ്രവൃത്തിയുടെ കുറച്ച് ഭാഗം മാത്രമാണ് ഇനി ബാക്കിയുള്ളത്. റോഡിൽ ഒരു കൾവർട്ട് പ്രവൃത്തിയും പുരോഗമിക്കുന്നു. പാലേരിച്ചാൽ തോടിന് കുറുകെ കാസർകോട് വികസന പാക്കേജിലുൾപ്പെടുത്തി ഒരു കോടി രൂപ ചെലവിൽ ചെറുകിട ജലസേചന വിഭാഗമാണ് വിസിബി കം ട്രാക്ടർ വേ യാഥാർഥ്യമാക്കിയത്. സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ ഇടപെടലിലായിരുന്നു പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. ബേഡഡുക്ക പഞ്ചായത്തിലെ 6,7,8 വാർഡുകൾ സംഗമിക്കുന്ന സ്ഥലമാണ് പാലേരിച്ചാൽ. എരിഞ്ഞിപ്പുഴ, വട്ടംതട്ട, പായങ്ങാട്, ഒളിയത്തടുക്കം എന്നീ പ്രദേശങ്ങളിൽനിന്ന് ബേഡകം പൊലീസ് സ്റ്റേഷൻ, മുന്നാട് വില്ലേജ് ഓഫീസ്, ഗ്രാമീൺ ബാങ്ക് എന്നിവിടങ്ങളിലേക്കും അരിച്ചെപ്പ്, പുലിന്തണ്ട, പായം പ്രദേശവാസികൾ വട്ടംതട്ട, ഒയോലം എന്നിവിടങ്ങളിലേക്കും സഞ്ചരിച്ചിരുന്ന വഴിയാണ് പായങ്ങാട് പാലേരിച്ചാൽ. ഇതുവഴി വാഹന ഗതാഗതം സാധ്യമാവുന്ന പാലമോ റോഡോ ഇല്ലാത്തതിനാൽ ആളുകൾക്ക് കിലോമീറ്ററുകളോളം ചുറ്റിസഞ്ചരിക്കേണ്ടി വന്ന പ്രയാസത്തിനാണ് ശാശ്വത പരിഹരമാവുക. ഇരുകരയിലും പഞ്ചായത്ത് റോഡുകൾ ഉണ്ടെങ്കിലും ഗതാഗതയോഗ്യമായ പാലമില്ലാത്തത് ആളുകളെ വലച്ചിരുന്നു. കാർഷിക വിളകൾ വില്പനയ്ക്ക് കൊണ്ടുപോകുന്നതിനും പ്രയാസപ്പെട്ടു. തടയണയും കൂടിയുള്ളതിനാൽ കർഷകരുടെ ജല ദൗർലഭ്യത്തിനും പരിഹാരമാകും. പദ്ധതി സ്ഥലത്ത് സ്ഥലത്ത് തോടിന് 15.6 മീറ്റർ വീതിയുണ്ട്. 2.20 മീറ്റർ ഉയർത്തിൽ വെള്ളം കെട്ടി നിർത്താവുന്ന വിധത്തിലുള്ള വിസിബിയും 3.60 മീറ്റർ ഉയരത്തിൽ 3.50 മീറ്റർ വീതിയോടു കൂടിയുള്ള ട്രാക്ടർ വേയുമാണ് വിഭാവനംചെയ്തിട്ടുള്ളത്.










0 comments