2050ലേക്ക് കൺതുറന്ന് മടിക്കൈയുടെ വികസന ദർശനം

മടിക്കെെ പഞ്ചായത്ത് ജനകീയ കമ്യൂണിസ്റ്റ് ഭരണസമിതിയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വിഷൻ 2050’ വികസന സെമിനാർ മടിക്കൈ സഹകരണ ബാങ്ക് ഹാളിൽ മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്‌ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Jul 15, 2025, 02:00 AM | 2 min read
മടിക്കൈ
കാൽനൂറ്റാണ്ടിന് അപ്പുറമുള്ള വികസനത്തിന്റെ ദർശനം എന്തായിരിക്കണമെന്ന ചോദ്യമാണ് അവിടെ ഉയർന്നുകേട്ടത്. കെട്ടിപ്പൊക്കുന്ന നിർമിതികൾ മാത്രമല്ല, മനുഷ്യവിഭവശേഷിയും പുതുതലമുറ സാങ്കേതിക വിദ്യകളും പരിസ്ഥിതിയും മാലിന്യസംസ്‌കരണവും മുതൽ ജനജീവിതത്തിന്റെ സമസ്‌ത മേഖലകളെയും കൂട്ടിയിണക്കിയുള്ള ഉൾക്കാഴ്‌ചയുള്ള അവതരണങ്ങൾ. നാളെ നാടെങ്ങിനെ കാലത്തിന് മുമ്പേ സഞ്ചരിക്കണമെന്നാണ് 75 വർഷം മുമ്പ് കമ്യൂണിസ്‌റ്റ് ജനകീയ ഭരണത്തിന് വേദിയായ മടിക്കൈ ചർച്ച ചെയ്‌തത്. മടിക്കെെ പഞ്ചായത്തിന്റെ ജനകീയ കമ്യൂണിസ്റ്റ് ഭരണസമിതിയുടെ 75ാം വാർഷികത്തിന്റെ ഭാഗമായാണ് ‘വിഷൻ 2050’ എന്ന പേരിൽ മടിക്കൈ സഹകരണ ബാങ്ക് ഹാളിൽ വികസന സെമിനാർ സംഘടിപ്പിച്ചത്. ആസൂത്രണമാണ് വികസനത്തിന്റെ അടിത്തറയെന്നും മാനവികതയെ മുൻനിർത്തിയാണ് വികസനം നടപ്പാക്കേണ്ടതെന്നുമെന്ന ആശയമാണ് ഉദ്ഘാടകനായ മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പങ്കുവച്ചത്. മികച്ച ആസൂത്രണമുണ്ടായാൽ എല്ലാ പ്രതിസന്ധിയെയും പ്രതിബന്ധങ്ങളെയും മറികടക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. മടിക്കെെയുടെ വികസനത്തിന് തേരുതെളിച്ച ആദ്യ സാരഥി കനിംകുണ്ടിൽ അപ്പു കാരണവർ ഉൾപ്പെടെയുള്ള മുൻഗാമികളുടെ കാഴ്ചപ്പാടുകൾ പിന്തുടരുകയെന്ന ലക്ഷ്യത്തോടെ ‘ജനകീയാസൂത്രണം ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയത്തിലായിരുന്നു സെമിനാർ. ഭാവി വികസനം ലക്ഷ്യമാക്കിയുള്ള പുതുകാല വികസന കാഴ്ചപ്പാടുകളാണ് സെമിനാറിൽ അവതരിപ്പിച്ചത്. വിവിധ വിഷയങ്ങളിൽ വിദഗ്‌ധർ പ്രബന്ധം അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയായി. ബി ബാലൻ സെമിനാർ വിശദീകരിച്ചു. പ്രൊഫ. കെ പി ജയരാജൻ (വിദ്യാഭ്യാസം), പി ടി മോഹനൻ (ആരോഗ്യം, ശുചിത്വം, മാലിന്യ സംസ്കരണം), കെസിസിപിഎൽ മാനേജിങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്‌ണൻ (വ്യവസായം, വിനോദസഞ്ചാരം, സഹകരണം), ജില്ല എസ്ടിഡി ഒ അസിസ്റ്റന്റ് കെ വി രാഘവൻ പാലായി (പട്ടികജാതി - പട്ടികവർഗ വികസനം), ലൈബ്രറി കൗൺസിൽ അക്കാദമിക് കമ്മിറ്റി അംഗം ഡോ. കെ വി സജീവൻ (കല- സാംസ്‌കാരികം,- യുവജന ക്ഷേമം), ഹരിതകേരള മിഷൻ ജില്ലാ ആർപി കെ ബാലചന്ദ്രൻ (പരിസ്ഥിതി, ദുരന്തനിവാരണം), ഡോ. സവിത ചൂരിക്കാട് (വനിത,- ലിംഗപദവി-, സാമൂഹ്യക്ഷേമം, - വയോജനം), വി മനോജ്‌കുമാർ (പശ്ചാത്തലം, - ഊർജം,- കുടിവെള്ളം), പി പ്രമോദ്കുമാർ (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം), കെ വി രഞ്ജിത്ത് (നൈപുണ്യ വികസനം) എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. സംസ്ഥാന ആസൂത്രണ സമിതി അംഗം ഡോ. ജിജു പി അലക്‌സ്, ഡോ. രാജേഷ് (കില), ജില്ലാ വ്യവസായ ഓഫീസർ കെ സജിത്‌കുമാർ എന്നിവർ സംസാരിച്ചു. മുൻ എംപി പി കരുണാകരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ വി കുമാരൻ, എം രാജൻ, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരി, ബങ്കളം പി കുഞ്ഞികൃഷ്ണൻ, കെ എ കരീം ബെസ്കോട്ട്, ഗോകുൽദാസ് കമ്മത്ത് തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത സ്വാഗതം പറഞ്ഞു. സമാപന സമ്മേളനം ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനംചെയ്തു. സി പ്രഭാകരൻ അധ്യക്ഷനായി. പി ബേബി, എസ് പ്രീത, എം അബ്ദുൾ റഹ്മാൻ, പ്രൊഫ. വി കുട്ട്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ വിജയൻ, വൈസ് പ്രസിഡന്റ് കെ വി ശ്രീലത, എ വേലയുധൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ സ്വാഗതം പറഞ്ഞു.









0 comments