വികസനത്തിന്റെ നറുവെട്ടം

ടീം ബേഡകം കുടുംബശ്രീ അഗ്രോ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ് സ് കമ്പനി ലിമിറ്റഡിന്റെ നിർമാണം പൂർത്തിയാവുന്ന കോർപ്പറേറ്റ് ഓഫീസും കറി പൗഡർ യൂണിറ്റും
ഡി വിൻലാൽ
Published on Sep 10, 2025, 02:00 AM | 2 min read
ബേഡകം
മികച്ച ആസൂത്രണത്തിലൂടെ വികസനത്തിന്റെ നറുവെട്ടം തെളിയിച്ച് ബേഡഡുക്ക പഞ്ചായത്ത്. കഴിഞ്ഞ കാലങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ നിലനിർത്തി മുന്നേറിയ നാലേമുക്കാൽ വർഷത്തിൽ പഞ്ചായത്തിന് അഭിമാനിക്കാനേറെയുണ്ട്. മികച്ച തദ്ദേശസ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി മൂന്നുതവണ, ഖരമാലിന്യ സംസ്കരണത്തിലെ മികവാർന്ന പ്രവർത്തനത്തിന് നവകേരള പുരസ്‌കാരം, വൃത്തിയുള്ള കേരളം പുരസ്‌കാരം, ക്ഷയരോഗ മുക്ത പഞ്ചായത്ത് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ നേടിയ പഞ്ചായത്ത് ന്യൂഡൽഹിയിലും പുനെയിലും നടന്ന ദേശീയ പഞ്ചായത്ത് രാജ് പരിപാടികളിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ചു. മാതൃകാ കാർഷിക ഗ്രാമം തൊഴിൽ സംരംഭങ്ങളൊരുക്കൽ, കാർഷികം, മണ്ണ് ജലസംരക്ഷണം, ശുചിത്വം, പശ്ചാത്തല സൗകര്യം എന്നിവയ്‌ക്കാണ് എൽഡിഎഫ് ഭരണസമിതി മുൻതൂക്കം നൽകിയത്. കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ടീം ബേഡകം കുടുംബശ്രീ അഗ്രോ ഫാർമേഴ്‌സ് പ്രൊഡ്യൂസർസ് കമ്പനി ലിമിറ്റഡിന്റെ പ്രവർത്തനം ശ്രദ്ധേയമായി. മുഴുവൻ കുടുംബശ്രീ പ്രവർത്തകരെയും അംഗങ്ങളാക്കി കാർഷിക മൃഗസംരക്ഷണ മേഖലയിൽ ഉദ്‌പാദനം, സംസ്കരണം, സംഭരണം, വിപണനം എന്നിവയാണ് പ്രവർത്തനം. 100 പേർക്ക് നേരിട്ടും 250 പേർക്ക് പരോക്ഷമായും തൊഴിൽ നൽകുന്നു. പഞ്ചായത്തിനെ മാതൃകാ കാർഷിക ഗ്രാമമാക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നു. ബേഡകം തെങ്ങ് ഉൾപ്പെടെയുള്ള അത്യുൽപാദന ശേഷിയുള്ള ഫലവൃക്ഷതൈകൾ തെങ്ങ് കർഷക സമിതി വഴി വിതരണം ചെയ്യുന്നു. സിഡിഎസുകള്‍ വഴി കൂടും കോഴിയും പദ്ധതി നടപ്പിലാക്കുന്നു. ടീം ബേഡകം കമ്പനിയുടെ കാരക്കാട്ടെ ഫാമില്‍ വാക്‌സിനേഷന്‍ ഉള്‍പ്പെടെ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിച്ച് വളര്‍ത്തിയെടുത്ത കോഴികളെ ജില്ലയിലെങ്ങും വിതരണം ചെയ്യുന്നു. കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസിനും കറി പൗഡർ യൂണിറ്റിനുമുള്ള പുതിയ കെട്ടിടം മുന്നാട് പുത്യയിൽ ഉദ്ഘാടനത്തിനൊരുങ്ങി. പഞ്ചായത്ത് കാർഷിക കർമസേനയുടെ പ്രവർത്തനം ബേഡഡുക്കയിലെയും സമീപ പഞ്ചായത്തുകളിലെയും നെൽകർഷകർക്ക് തുണയായി. കർഷകരിൽനിന്നും നെല്ല് സംഭരിച്ച് അരിയാക്കി നൽകുന്നതും ഞാറ്റടി തയ്യാറാക്കി നടുന്നതും കൊയ്യുന്നതുമുൾപ്പെടെയുള്ള കൃഷിപ്പണികൾ ചെയ്യുന്നത് കർമസേനയാണ്. ജില്ലയിലാദ്യമായി രൂപീകരിച്ച പഞ്ചായത്തിലെ ഹരിതകർമ സേന ശുചിത്വമേഖലയിലെ സ്ത്രീശക്തി തെളിയിക്കുന്നതായി. പ്ലാസ്റ്റിക് സംസ്കരണശാലയിൽ പ്ലാസ്റ്റിക് പൊടിച്ചും ബെയിൽ ചെയ്തും ക്ലീൻ കേരള കമ്പനി വഴി റോഡ് നിർമാണത്തിന് ഉപയോഗിക്കാൻ കയറ്റി അയച്ച് ഫലപ്രദമായ സംരംഭമാക്കി. പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ഭാഗമായി 2000 പ്ലേറ്റും ഗ്ലാസും മിതമായ വാടകക്ക് നൽകുന്നു. വീടുകളിൽ ബയോബിൻ വിതരണം, റിങ് കമ്പോസ്റ്റ് എന്നിവയും നടപ്പാക്കുന്നു. വാർഷിക പദ്ധതിയിലുൾപ്പെടുത്തി ബേഡകം തുണിസഞ്ചി, പാള പ്ലേറ്റ് എന്നിവയും നിർമിച്ചു. ഗ്രീൻ ഫെസിലിറ്റേഷൻ സെന്ററും ഒരുക്കി. ജൈവ മാലിന്യം സംസ്കരിച്ച് വളമാക്കാൻ നെല്ലിയടുക്കത്ത് തുമ്പൂർമൊഴി മോഡൽ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചു.










0 comments