ബംഗളൂരുവിൽ അന്താരാഷ്ട്ര ആർക്കിടെക്ചറൽ പ്രദർശനം
ക്യൂറേറ്റർ സംഘത്തിൽ കാഞ്ഞങ്ങാട്ടുകാരിയും

കാഞ്ഞങ്ങാട്
ആധുനിക വാസ്തുവിദ്യയിലെ സ്ത്രീസാന്നിധ്യവും പാർശ്വവൽക്കരിക്കപ്പെട്ട ചരിത്രങ്ങളും അടയാളപ്പെടുത്തുന്ന അന്താരാഷ്ട്ര പ്രദർശനം വെള്ളി മുതൽ 8 വരെ ബംഗളൂരു ഇന്റർനാഷണൽ സെന്ററിൽ നടക്കുന്പോൾ ക്യൂറേറ്ററായി ഒരു കാഞ്ഞങ്ങാട്ടുകാരിയുമുണ്ടാകും. പ്രമുഖ ആർക്കിടെക്ചറൽ ചരിത്രകാരന്മാർക്കൊപ്പം മലയാളി ഗവേഷകയും കാഞ്ഞങ്ങാട്ടുകാരിയുമായ മീനാക്ഷി ജയനാണ് പ്രദർശനത്തിന്റെ ക്യൂറേറ്റർമാരിലൊരാൾ. യൂറോപ്യൻ റിസർച്ച് കൗൺസിലിന്റെ സഹായത്തോടെ അയർലൻഡിലെ യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിൻ നേതൃത്വം നൽകുന്ന അന്താരാഷ്ട്ര ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് പ്രദർശനം. നിർമ്മിതികളുടെ ചരിത്രത്തിൽനിന്നും ആർക്കൈവുകളിൽനിന്നും വിസ്മരിക്കപ്പെട്ടുപോയ സ്ത്രീകളുടെയും മറ്റു പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും തൊഴിലിട പങ്കാളിത്തവും ഇടപെടലുകളുമാണ് പ്രദർശനം ചർച്ചചെയ്യുന്നത്. പ്രൊഫസർ കാത്‌ലീൻ ജെയിംസ് -ചക്രവർത്തി മുഖ്യ ഗവേഷകയായുള്ള ഈ പ്രൊജക്ടിന്റെ ക്യൂറേറ്റർ സംഘത്തിൽ ജെൻഡർ സ്റ്റഡീസ് റിസർച്ചറായ മീനാക്ഷി ജയനൊപ്പം പ്രമുഖ ആർക്കിടെക്ചറൽ ഹിസ്റ്റോറിയൻ ഇഷിത ഷാ, ബെൽജിയത്തിലെ സെന്റർ ഫോർ സൗത്ത് ഏഷ്യൻ ആൻഡ് ഹിമാലയൻ സ്റ്റഡീസിലെ ആർക്കിടെക്ചറൽ ഹിസ്റ്റോറിയൻ ഡോ. സാറ മെൽസൻസ് എന്നിവരാണുള്ളത്. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലെ (കെഎൽഎഫ്) ജർമൻ പവലിയൻ ക്യൂറേറ്റിങ് ടീമിലും മീനാക്ഷി പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹി യൂണിവേഴ്സിറ്റിയിലെ ഹിന്ദു കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ മീനാക്ഷി, ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയയിൽനിന്നാണ് ജെൻഡർ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടിയത്.










0 comments