Deshabhimani

കാനനപാതയല്ല; പാണ്ടിയിൽ 
കോൺക്രീറ്റ്‌ റോഡൊരുങ്ങി

പാണ്ടി മല്ലംപാറ പടുപ്പ് റോഡ് പണി പുരോഗമിക്കുന്നു
avatar
ഡി വിൻലാൽ

Published on May 08, 2025, 03:00 AM | 1 min read

പാണ്ടി പുറം

ലോകത്തേക്ക് സഞ്ചാരയോഗ്യമായ പാതക്കായി കാടിന് നടുവിൽ ഒറ്റപ്പെട്ട മനുഷ്യരുടെ കാത്തിരിപ്പ്‌ അവസാനിക്കുന്നു. ദേലംപാടി പഞ്ചായത്തിലെ എട്ട്, പതിനൊന്ന് വാർഡുകളിലൂടെ കടന്നുപോകുന്ന പാണ്ടി –-മല്ലംപാറ –-പടുപ്പ് പഞ്ചായത്ത്‌ റോഡ് വികസനം അതിവേഗം പുരോഗമിക്കുകയാണ്‌. മലയോര ഹൈവേയുടെ ബൈപാസായി മാറുന്ന റോഡ് ദേലംപാടി –-കുറ്റിക്കോൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നു. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 1.41 കോടി രൂപ ചെലവഴിച്ചാണ്‌ എട്ട്‌ കിലോമീറ്റർ ദൈർഘ്യമുള്ള റോഡ്. ദേലംപാടി പഞ്ചായത്തിലെ വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന നിർളക്കയ, അർത്യ, ദണ്ഡാരകുഴി, ജെഡിയാർ, നാട്ടക്കല്ല്, മല്ലംമ്പാറ, തിമ്മണംകുണ്ട്, നെച്ചിപടുപ്പ് പ്രദേശക്കാർക്കാണ്‌ റോഡ്‌ കാര്യമായി പ്രയോജനപ്പെടുക. മല്ലംപാറ, നെച്ചിപടുപ്പ്, നിർളക്കയ, അർത്യ എന്നീ പട്ടികവർഗ ഉന്നതികൾ ഉൾപ്പെടെ 200 കുടുംബങ്ങൾക്ക്‌ റോഡ് വികസനത്തിന്റെ പ്രയോജനം ലഭിക്കും. ദൈനദിന ആവശ്യങ്ങൾക്കായി ദേലംപാടി പഞ്ചായത്തിലെ പാണ്ടി, അഡൂർ, കുറ്റിക്കോൽ പഞ്ചായത്തിലെ പടുപ്പ് ടൗണുകളാണ് ഇവിടുത്തുകാർക്ക്‌ ആശ്രയം. വനത്തിലൂടെയുള്ള ദുർഘടപാതയിലൂടെ നടന്നും ജീപ്പ് പോലുള്ള വാഹനത്തിലും സഞ്ചരിച്ചു വേണം ഇവിടെ എത്താൻ. മഴക്കാലമായാൽ റോഡ് പൂർണമായും തകരും. വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമാണ്. ബന്തടുക്ക, പാണ്ടി തുടങ്ങിയ സ്കൂളുകളിലേക്ക് പോകുവാൻ നൂറുകണക്കിന്‌ വിദ്യാർഥികൾ ആശ്രയിക്കുന്നത്‌ ഈ റോഡാണ്‌. യാത്രാ സൗകര്യമില്ലാത്തതിനാൽ അമ്പതോളം കുടുംബങ്ങൾ ഇവിടെ നിന്നും വീടും സ്ഥലവും വിറ്റ്‌ മറ്റു പ്രദേശങ്ങളിലേക്ക് കുടിയേറി. വനത്തിലൂടെ രണ്ടര കിലോമീറ്റർ കടന്നുപോകുന്നതിനാൽ വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാലാണ് റോഡ് വികസനം നീണ്ടത്. സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെയും സിപിഐ എമ്മിന്റെയും നിരന്തര ശ്രമഫലമായി ജില്ലയെ വനാവകാശനിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. തുടർന്ന് പ്രദേശത്ത് വനാവകാശ സമിതി രൂപീകരിക്കുകയും വനംവകുപ്പിന്റെ അനുമതി ലഭ്യമാവുകയും ചെയ്തു. ഈ മാസവസാനം പണി പൂർത്തീകരിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home